കാലവര്‍ഷം വൈകി; കുരുമുളക് കര്‍ഷകര്‍ പ്രതിസന്ധിയില്‍
കാലവര്‍ഷം വൈകി എത്തിയത് കുരുമുളക് കര്‍ഷകര്‍ക്ക് തിരിച്ചടിയായി. കാലാവസ്ഥാ വ്യതിയാനം മൂലം കുരുമുളക് വള്ളികളില്‍ തിരിയില്ലാത്തതാണ് കര്‍ഷകരെ പ്രതിസന്ധിയിലാക്കിയത്.
ഈ വര്‍ഷം ഏപ്രില്‍, മേയ് മാസങ്ങളില്‍ കനത്ത മഴ പെയ്തിരുന്നു. സാധാരണ ഈ മാസങ്ങളിലെ കടുത്ത ചൂടില്‍ ഇലകള്‍ വാടി കാലവര്‍ഷം ആരംഭിക്കുന്നതോടെ കുരുമുളക് വള്ളികള്‍ തളിര്‍ത്തു തിരിയിടുകയാണ് ചെയ്യുന്നത്. എന്നാല്‍, ഇത്തവണ ഇതുണ്ടായില്ല. അടിമാലി, കൊന്നത്തടി, വെള്ളത്തൂവല്‍, രാജാക്കാട്, രാജകുമാരി, ബൈസണ്‍വാലി, മാങ്കുളം തുടങ്ങിയ മലയോര പഞ്ചായത്തുകളിലെ 100 കണക്കിന് കുരുമുളക് കര്‍ഷകരാണ് ദുരിതത്തിലായത്.
വായ്പയെടുത്ത് കൃഷിയിറക്കിയ കര്‍ഷകര്‍ കടുത്ത സാമ്പത്തിക പ്രതിസന്ധിയിലായി. രോഗബാധമൂലം കുരുമുളക് വള്ളികള്‍ നശിച്ച ഒട്ടേറെ കര്‍ഷകര്‍ മലയോരത്തുണ്ട്. ഇവര്‍ക്ക് നഷ്ടപരിഹാരം നല്‍കാനുള്ള നടപടികളൊന്നും അധികൃതരുടെ ഭാഗത്തു നിന്നുണ്ടാകുന്നില്ല.
വിള ഇന്‍ഷുറന്‍സ് പദ്ധതിയില്‍ അംഗങ്ങളാകണമെന്ന് കൃഷിവകുപ്പ് നിര്‍ദേശിക്കാറുണ്ടെങ്കിലും കര്‍ഷകര്‍ക്ക് താല്പര്യമില്ലാത്തതിനാല് പദ്ധതി വിജയിക്കാറില്ല.
പദ്ധതി ആകര്ഷകമല്ലാത്തതാണ് കര്‍ഷകരെ ഇതില്‍നിന്ന് പിന്തിരിപ്പിക്കുന്നതെന്നു പറയുന്നു.