‘അർജുനെ രക്ഷിക്കാൻ സൈന്യത്തിൻ്റെ സഹായം ഉറപ്പാക്കണം’; പ്രധാനമന്ത്രിക്ക് കത്തയച്ച് കുടുംബം


കർണാടക ഷിരൂരിൽ മണ്ണിടിച്ചിലിൽപ്പെട്ട അർജുനെ രക്ഷിക്കണമെന്ന് ആവശ്യപ്പെട്ട്
പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കത്തയച്ച് കുടുംബം. സൈന്യത്തിൻ്റെ സഹായം ഉറപ്പാക്കണമെന്ന് കത്തിൽ കുടുംബം ആവശ്യപ്പെടുന്നു. തെരച്ചിൽ കാര്യക്ഷമമല്ലെന്നും പ്രതീക്ഷകൾ അസ്തമിക്കുന്നുവെന്നും കുടുംബം കത്തിൽ പറയുന്നു. ഇനിയും കാത്തിരിക്കുക അസാധ്യമാണെന്നും അർജുൻ്റെ ജീവൻ രക്ഷിക്കാൻ
പ്രധാനമന്ത്രി ഇടപെടണമെന്നും കുടുംബം കത്തിൽ ആവശ്യപ്പെടുന്നു.
രക്ഷാപ്രവര്‍ത്തനത്തിന് സൈന്യമിറങ്ങണമെന്നാണ് അര്‍ജുന്റെ ബന്ധുക്കളുടെ ആവശ്യം. പരിശോധനയില്‍ അര്‍ജുനെ കുറിച്ച് യാതൊരു സൂചനയും ലഭിക്കാത്ത സാഹചര്യത്തിലാണ് ആവശ്യവുമായി കുടുംബം രംഗത്തെത്തിയിരിക്കുന്നത്. തെരച്ചിലിന് സൈന്യത്തിന്റെ സഹായം വേണമെന്ന് വെള്ളിയാഴ്ച മുതല്‍ അധികൃതരുടെ ശ്രദ്ധയില്‍പ്പെടുത്തിയിട്ടും നടപടിയുണ്ടായില്ലെന്നും ബന്ധുക്കള്‍ പറയുന്നു.
ഇതിനിടെ ലോറിയുടെ ലൊക്കേഷന്‍ റഡാര്‍ പരിശോധനയില്‍ കണ്ടെത്തിയെന്ന റിപ്പോര്‍ട്ടുകള്‍ നേരത്തെ പുറത്തുവന്നിരുന്നു. എന്നാല്‍ ഇത് പിന്നാട് ഐഐടി സംഘം നിഷേധിച്ചു. സിഗ്നല്‍ ലോറിയുടേതായിരുന്നില്ലെന്നും വലിയ പാറക്കല്ലോ മറ്റോ ആകാനാണ് സാധ്യതയെന്നും എന്‍ഐടി സംഘം വ്യക്തമാക്കി. വന്‍മരങ്ങളും പാറക്കല്ലുകളും മണ്ണിനൊപ്പമുള്ളതിനാല്‍ റഡാറില്‍ സിഗ്നല്‍ ലഭിക്കുന്നതിനും പ്രയാസം നേരിടുന്നുണ്ട്.