ആമയിഴഞ്ചാൻ തോട് അപകടം; എൻ.ജോയിയുടെ കുടുംബത്തിന് പത്തു ലക്ഷം രൂപ സഹായം


തിരുവനന്തപുരത്തെ ആമയിഴഞ്ചാൻ തോട്ടിൽ മുങ്ങമരിച്ച ശുചീകരണ തൊഴിലാളി എൻ ജോയിയുടെ കുടുംബത്തിന് സഹായം പ്രഖ്യാപിച്ച് സർക്കാർ. ജോയിയുടെ കുടുംബത്തിന് പത്ത് ലക്ഷം രൂപയാണ് സഹായം പ്രഖ്യാപിച്ചിരിക്കുന്നത്. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നിന്നും പണം നൽകും. ഇന്ന് ചേർന്ന മന്ത്രിസഭാ യോഗത്തിലാണ് തീരുമാനം.
ആമയിഴഞ്ചാൻ തോട്ടിലെ ശുചീകരണത്തിനിടെയാണ് ജോയ് മുങ്ങി മരിച്ചത്. കഴിഞ്ഞ ശനിയാഴ്ച രാവിലെയാണ് ആമയിഴഞ്ചാൻ തോട് വൃത്തിയാക്കാൻ ഇറങ്ങിയ ജോയിയെ കാണാതായത്. ജോയിക്കായുള്ള തെരച്ചിൽ മൂന്നാം ദിവസത്തേക്ക് കടന്നപ്പോഴായിരുന്ന മൃതദേഹം കണ്ടെത്തിയത്. പഴവങ്ങാടി തകരപ്പറമ്പിലെ കനാലിലായിരുന്നു മൃതദേഹം കണ്ടെത്തിയത്.
തിരുവനന്തപുരം മാരായമുട്ടം സ്വദേശിയാണ് കാണാതായ ജോയ്. ശനിയാഴ്ച രാവിലെ ശക്തമായ മഴയിൽ ആമയിഴഞ്ചാൻ തോട്ടിലെ ശക്തമായ അടിയൊഴുക്കിൽപ്പെട്ടു പോവുകയായിരുന്നു ജോയ്. അതേസമയം ജോയി മുങ്ങി മരിച്ചതിൽ പഴിചാരലും രാഷ്ട്രീയ വാക്പോരും തുടരുകയാണ്. റെയിൽവേക്കെതിരെ സർക്കാരും സർക്കാരിനെതിരെ പ്രതിപക്ഷവും ആരോപണങ്ങളുയർത്തുകയാണ്.