ഉത്സവം; ശബരിമല നട ഇന്ന് തുറക്കും, നാളെ കൊടിയേറ്റ്


പത്തനംതിട്ട: പത്ത് ദിവസത്തെ ഉത്സവത്തിനായി ശബരിമല നട ഇന്ന് തുറക്കും. വൈകീട്ട് അഞ്ചിന് തന്ത്രി കണ്ഠര് രാജീവരുടെ സാന്നിധ്യത്തില്‍ മേല്‍ശാന്തി കെ ജയരാമന്‍ നമ്ബൂതിരി നട തുറന്ന് ദീപം തെളിയിക്കും.പിന്നീട് ആഴിയില്‍ അഗ്നി പകരും. തുടര്‍ന്ന് ഭക്തരെ പതിനെട്ടാം പടി കയറാന്‍ അനുവദിക്കും. ഇന്ന് പൂജകളൊന്നും ഉണ്ടാകില്ല.
തിങ്കളാഴ്ച കൊടിയേറ്റ് നടക്കും. രാവിലെ 9.45നും 10.45നും ഇടയ്ക്ക് തന്ത്രി കണ്ഠര് രാജീവരുടെ കാര്‍മികത്വത്തിലാണ് കൊടിയേറ്റ് നടക്കുക.
വൈകീട്ട് മുളപൂജ നടക്കും. 29 മുതല്‍ പള്ളിവേട്ട ദിനമായ ഏപ്രില്‍ നാല് വരെ എല്ലാ ദിവസവും ഉത്സവബലിയുണ്ടാകും. 31 മുതല്‍ ഏപ്രില്‍ നാല് വരെ വിളക്കിനെഴുന്നള്ളിപ്പും നടക്കും. ഏപ്രില്‍ അഞ്ചിന് പമ്ബയില്‍ ആറാട്ട്. ഈ സമയം ഭക്തര്‍ക്ക് പറവെക്കാം. ആറാട്ട് ഘോഷയാത്ര തിരികെ സന്നിധാനത്ത് എത്തി കൊടിയിറക്കിന് ശേഷം ഹരിവരാസനം പാടി നടയടയ്ക്കും.
ദര്‍ശനത്തിനായുള്ള വെര്‍ച്വല്‍ ക്യൂ ബുക്കിങ് തുടങ്ങി. ഓണ്‍ലൈനായി ബുക്ക് ചെയ്യാന്‍ കഴിയാത്തവര്‍ക്കായി നിലയ്ക്കലിലും പമ്ബയിലും ദേവസ്വം ബോര്‍ഡിന്റെ സ്പോട്ട് ബുക്കിങ് കേന്ദ്രങ്ങള്‍ പ്രവര്‍ത്തിക്കും.
വിവിധയിടങ്ങളില്‍ നിന്ന് പമ്ബയിലേക്ക് കെഎസ്‌ആര്‍ടിസി സര്‍വീസുകളുമുണ്ടാകും. നിലയ്ക്കല്‍- പമ്പ റൂട്ടില്‍ ചെയിന്‍ സര്‍വീസിനായും ബസുകളെത്തും.