ചെറിയ പനിക്ക് ആന്റിബയോട്ടിക്ക് വേണ്ട; ഉപയോഗിക്കുമ്പോൾ ജാഗ്രത പാലിക്കുക: ICMR മുന്നറിയിപ്പ്


ചെറിയ പനി, ശ്വാസകോശ രോഗങ്ങൾ തുടങ്ങിയവയ്ക്ക് ആന്റിബയോട്ടിക്കുകൾ ഉപയോഗിക്കേണ്ടതില്ലെന്ന് ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസർച്ച് (ഐസിഎംആർ). ആൻ്റിബയോട്ടിക് മരുന്നുകൾ കുറിച്ചു നൽകുമ്പോൾ ഡോക്ടർമാർ ജാഗ്രത പാലിക്കണമെന്നും ചെറിയ രോഗങ്ങള്‍ക്ക് ഡോക്ടറുടെ നിര്‍ദേശപ്രകാരമല്ലാതെ ആന്റിബയോട്ടുകള്‍ ഉപയോഗിക്കരുതെന്നും പുതിയ മാർഗരേഖയിൽ പറയുന്നു. ആന്റബയോട്ടിക്കുകൾ എപ്പോഴൊക്കെ ഉപോഗിക്കണമെന്നും എങ്ങനെ ഉപയോഗിക്കണം എന്നും ഐസിഎംആർ കൃത്യമായി നിർദേശിക്കുന്നുണ്ട്.അണുബാധ ഏതാണെന്ന് ഉറപ്പിക്കുന്നതിനു മുൻപ്, നിഗമനങ്ങളുടെ മാത്രം അടിസ്ഥാനത്തിൽ ആന്റിബയോട്ടിക്ക് നൽകരുതെന്നും ഐസിഎംആർ പറഞ്ഞു. രോഗികൾക്ക് അത്തരം മരുന്നുകൾ നൽകുമ്പോൾ കൃത്യമായ സമയക്രമം പാലിക്കണമെന്നും ഐസിഎംആർ ഡോക്ടർമാർക്ക് നിർദേശം നൽകി. ഓരോ സാഹചര്യങ്ങളിലും ആന്റിബയോട്ടിക് ഉപയോഗം എങ്ങനെ, എത്ര ഡോസ്, എത്ര ദിവസം തുടങ്ങിയ വിവരങ്ങൾ ഐസിഎംആർ പുറത്തിറക്കിയ മാർഗരേഖയിലുണ്ട്.ത്വക്ക് രോഗങ്ങൾ, ശരീര കോശങ്ങളെ ബാധിക്കുന്ന അണുബാധകൾ തുടങ്ങിയ രോഗങ്ങൾക്ക് അഞ്ച് ദിവസവും, സമൂഹ വ്യാപനത്തിലൂടെ ഉണ്ടാകുന്ന ന്യുമോണിയക്ക് അഞ്ച് ദിവസവും, ആശുപത്രി പോലുള്ള ആരോഗ്യ സംവിധാനങ്ങളിൽ നിന്നും പകരുന്ന ന്യുമോണിയക്ക് എട്ടു ദിവസവുമാണ് ആന്റിബയോട്ടിക്കുകൾ നിർദ്ദേശിക്കേണ്ടതെന്ന് ഐസിഎംആറിന്റെ പുതിയ മാർഗനിർദേശങ്ങളിൽ പറയുന്നു.ഗുരുതരമായ രോഗങ്ങൾ ബാധിച്ചവർക്ക് എംപിരിക് ആൻറിബയോട്ടിക് തെറാപ്പി നടത്താമെന്നും ഐസിഎംആർ നിർദേശിച്ചു. സാധാരണയായി, കഠിനമായ സെപ്‌സിസ്, സെപ്റ്റിക് ഷോക്ക്, ഗുരുതരമായ ന്യുമോണിയ തുടങ്ങിയ രോഗങ്ങൾ ബാധിച്ചവർക്കാണ് എംപിരിക് ആൻറിബയോട്ടിക് തെറാപ്പി ശുപാർശ ചെയ്യുന്നത്.
ന്യുമോണിയ, സെപ്റ്റിസീമിയ മുതലായ രോഗങ്ങളുടെ ചികിത്സയ്ക്കായി പ്രധാനമായും ഉപയോഗിക്കുന്നു കാർബപെനെം എന്ന ആൻറിബയോട്ടിക്ക് വലിയൊരു ശതമാനം രോഗികളിലും ഫലപ്രദമാകാറില്ലെന്ന് 2021 ജനുവരി 1 നും ഡിസംബർ 31 നും ഇടയിൽ ഐസിഎംആർ നടത്തിയ ഒരു സർവേയിൽ കണ്ടെത്തിയിരുന്നു. ഉയർന്ന അളവിൽ നൽകുമ്പോൾ ബാക്ടീരിയകൾ ആന്റിബയോട്ടിക്കിനെ പ്രതിരോധിക്കുന്നതാണ് ഇതിനു കാരണം. ഇ കോളി ബാക്ടീരിയ മൂലമുണ്ടാകുന്ന അണുബാധകളെ ചികിത്സിക്കാൻ ഉപയോഗിക്കുന്ന ഇമിപെനെമിൻ എന്ന ആന്റിബയോട്ടിക്കിന്റെ പ്രതിരോധശേഷി 2016 ലെ 14 ശതമാനത്തിൽ നിന്ന് 2021 ൽ 36 ശതമാനമായി വർദ്ധിച്ചതായും
ഇതേ സർവേയിൽ ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസർച്ച് കണ്ടെത്തിയിരുന്നു.ശരിയായ ഡോസേജ്, സമയപരിധി, മരുന്നു നൽകേണ്ട രീതി എന്നിവ ഡോക്ടർമാർ മുൻകൂകൂട്ടി നിശ്ചയിക്കണം എന്നും രോഗലക്ഷണങ്ങൾ, ശരീരത്തിൽ എവിടെയാണ് വൈറസ് ബാധിച്ചിരിക്കുന്നത്, രോഗത്തിന്റെ കാരണം എന്താണ് തുടങ്ങിയ കാര്യങ്ങളിൽ വ്യക്തത വേണമെന്നും, ആന്റിബയോട്ടിക്കിന്റെ ഫലപ്രാപ്തിയും പ്രതിരോധശേഷിയും മനസിലാക്കി അവ നിർദേശിക്കണമെന്നും∙ ഒറ്റയടിക്ക് ഉയർന്ന ഡോസുള്ള ആന്റിബയോട്ടിക്കുകൾ നൽകരുതെന്നും∙ അണുബാധ മാറിയെന്ന് ഉറപ്പാക്കിയാൽ ഉടൻ ആന്റിബയോട്ടിക് ചികിത്സ അവസാനിപ്പിക്കണമെന്നും ഐസിഎംആറിന്റെ മാർഗനിർദേശങ്ങളിൽ പറയുന്നു.