മിമി ഫിഷ് ആപ് റെഡി; മത്സ്യം നേരിട്ട് വീട്ടിലെത്തിക്കാൻ ഫിഷറീസ് വകുപ്പ്
തിരുവനന്തപുരം ∙ വാങ്ങുന്ന മത്സ്യത്തിന്റെ പൂർണവിവരങ്ങൾ ഉപഭോക്താക്കൾക്ക് എത്തിക്കുന്ന മിമി ഫിഷ് എന്ന മൊബൈൽ ആപ്പിലൂടെ ചില്ലറ വിൽപന ആരംഭിക്കാൻ ഫിഷറീസ് വകുപ്പ്. കടലിന്റെ ഏതു ഭാഗത്തുനിന്നു വലയിൽ വീണ മത്സ്യമെന്നതു മുതൽ തൊഴിലാളികളുടെയും വള്ളങ്ങളുടെയും വിവരം അടക്കം ഉപഭോക്താക്കൾക്ക് അറിയാനാകും. മത്സ്യത്തിനും മൂല്യവർധിത ഉൽപന്നങ്ങൾക്കുമായി സംസ്ഥാനത്തുടനീളം വിൽപനശാലകളും ഓൺലൈൻ ഹോം ഡെലിവറി സംവിധാനവും നടപ്പാക്കും.
ഉപഭോക്താക്കൾക്ക് സമീപത്തുള്ള മിമി സ്റ്റോർ വഴിയോ മൊബൈൽ ആപ് വഴിയോ മത്സ്യം വാങ്ങാം. പച്ചമീൻ, ഉണക്കമീൻ, മീൻ കറി, മീൻ അച്ചാറുകൾ എന്നിവയാകും തുടക്കത്തിൽ വിൽപനയ്ക്ക് എത്തിക്കുക. കൂടുതൽ മൂല്യവർധിത ഉൽപന്നങ്ങളും ഉടൻ വിപണിയിലെത്തും. സംസ്ഥാന തീരദേശ വികസന കോർപറേഷന്റെ (കെഎസ്‌സിഎഡിസി) സാമൂഹിക-സാമ്പത്തിക പദ്ധതിയുടെ ഭാഗമായാണു പരിവർത്തനം എന്ന പദ്ധതിക്കു കീഴിൽ ഈ സംരംഭം നടപ്പാക്കുന്നത്.
കേന്ദ്ര ഫിഷറീസ് ടെക്നോളജി ഇൻസ്റ്റിറ്റ്യൂട്ടിന്റെ സഹകരണത്തോടെയാണിത്. മിമി ഫിഷിന്റെ വെബ്സൈറ്റ് ഉദ്ഘാടനം മന്ത്രി സജി ചെറിയാൻ താമസിയാതെ കൊല്ലത്തു നിർവഹിക്കും. കൊല്ലം, ആലപ്പുഴ, പത്തനംതിട്ട എന്നീ ജില്ലകളിലാകും ആദ്യം സേവനങ്ങൾ ലഭിക്കുക എന്ന് പരിവർത്തനം പദ്ധതി ചീഫ് ഓഫ് ഓപറേഷൻസ് റോയ് നാഗേന്ദ്രൻ പറഞ്ഞു.
വരും നാളുകളിൽ സംസ്ഥാനത്തെ എല്ലാ ജില്ലകളിലും രാജ്യത്തെ പ്രധാന നഗരങ്ങളിലും സേവനം വ്യാപിപ്പിക്കും. ഉപഭോക്താക്കളുടെ ആരോഗ്യത്തിന് അതീവശ്രദ്ധ നൽകുന്ന മിമി ഫിഷിന്റെ സംഭരണം, സംസ്കരണം, പാക്കിങ് തുടങ്ങിയവ രാജ്യാന്തര മാനദണ്ഡങ്ങൾ പാലിച്ചാണു നടത്തുന്നത്.
∙ ഹോം ഡെലിവറിക്ക് വിദ്യാർഥികൾ
എൻജിനീയറിങ്-ആർട്സ് ആൻഡ് സയൻസ് ബിരുദ വിദ്യാർഥികളിൽ ഇടയ്ക്കുവച്ച് പഠനം മുടങ്ങിയവരെയാണു ഹോം ഡെലിവറിക്കായി നിയോഗിക്കുന്നത്. അവർക്ക് അക്കാദമിക് പരിശീലനം നൽകുകയും ബിരുദപഠനം പൂർത്തിയാക്കാൻ സഹായിക്കുകയും ചെയ്യാനാണു പദ്ധതി.
രാസവസ്തുക്കൾ മിമി ഫിഷിന്റെ ഉൽപന്നങ്ങളിൽ പ്രയോഗിക്കുന്നില്ലെന്ന് ഉറപ്പാക്കുമെന്ന് അധികൃതർ അവകാശപ്പെട്ടു. യൂറോപ്യൻ യൂണിയൻ നിഷ്കർഷിച്ചിട്ടുള്ള ഗുണമേന്മാ മാനദണ്ഡങ്ങൾ നടപ്പാക്കും. സിഫ്റ്റ് വികസിപ്പിച്ചെടുത്ത സാങ്കേതികവിദ്യ ഉപയോഗിച്ച്, പിടിച്ച മത്സ്യത്തെ ഉടനെ ശീതീകരണ സംവിധാനത്തിലേക്കു മാറ്റുകയാണു ചെയ്യുന്നത്.
∙ ഐസ് പെട്ടിയിൽ റേഡിയോ ഫ്രീക്വൻസി
കരയിലെത്തുന്ന സമയം കണക്കാക്കാതെതന്നെ മത്സ്യബന്ധന തൊഴിലാളികൾക്ക് നിശ്ചിത വില ലഭിക്കാനും പരിവർത്തനം പദ്ധതിയിൽ ലക്ഷ്യമിടുന്നു. ഇതോടെ കരയിലെത്താൻ വേഗം കൂട്ടി ബോട്ട് ഓടിക്കേണ്ട അവസ്ഥ ഇല്ലാതാകും, ഇന്ധനച്ചെലവ് 70% വരെ കുറയ്ക്കാനും സാധിക്കും.
മിമി ഫിഷുമായി സഹകരിക്കുന്ന എല്ലാ ബോട്ടുകളിലും റേഡിയോ ഫ്രീക്വൻസി ഉപയോഗിക്കുന്ന ഐസ് പെട്ടികളാണ് നൽകുന്നത്. മത്സ്യം പിടിച്ച ദിവസം, സമയം, സ്ഥലം, വള്ളത്തിന്റെയും തൊഴിലാളികളുടെയും വിവരങ്ങൾ എന്നിവ ലഭിക്കും. ഡിസി കറന്റ് മുഖേനയാണ് മിമി സ്റ്റോറുകളിലെ ശീതീകരണ സംവിധാനം പ്രവർത്തിക്കുന്നത്.
വൈദ്യുത തടസ്സം ഉണ്ടായാലും മത്സ്യം കേടാകാതെയിരിക്കും. കെഎസ്ഇബിയിൽനിന്നു വൈദ്യുതി ലഭിക്കാത്ത ഇടങ്ങളിൽ സൗരോർജവുമായി ബന്ധിപ്പിച്ചിരിക്കും. എലി, മറ്റ് ക്ഷുദ്രജീവികൾ മുതലായവയുടെ ശല്യം ഗോഡൗണിലും മിമി സ്റ്റോറുകളിലും ഉണ്ടാകാതിരിക്കാനുള്ള സെൻസർ സംവിധാനവുമുണ്ട്.
മിമി ഉൽപന്നങ്ങൾ മാത്രമെ സ്റ്റോറുകൾ വഴി വിൽക്കുന്നുള്ളൂവെന്ന് ഉറപ്പാക്കാൻ സിസിടിവി സംവിധാനം ഒരുക്കും. അത്യാധുനിക രീതിയിൽ പ്രത്യേകം തയാർചെയ്ത വാഹനങ്ങളിലാകും ഹോം ഡെലിവറി എന്നതിനാൽ എല്ലാ കാലാവസ്ഥയിലും ഗുണമേന്മ കാത്തുസൂക്ഷിക്കാനാകുമെന്നും അധികൃതർ വ്യക്തമാക്കി.