ആയിരം പേർ ആയിരം പുസ്തകങ്ങൾ വായിച്ച് സാക്ഷരതാ മിഷൻ്റ വായനാപക്ഷാചരണം
ആയിരം പേർ ആയിരം പുസ്തകങ്ങൾ വായിച്ച് തീർത്ത് വായനാ പക്ഷാചരണം ആചരിക്കാൻ ഒരുങ്ങി ജില്ലാ സാക്ഷരതാ മിഷൻ. ജൂൺ 19 ന് തുടങ്ങി ജൂലൈ 7 വരെ നീളുന്ന വായന പക്ഷാചരണമാണ് ജില്ല സാക്ഷരതാ മിഷൻ വിവിധ പരിപാടികളോടെ വിപുലമായി സംഘടിപ്പിക്കുക.ജില്ലയിൽ സാക്ഷരതാ മിഷൻ്റെ പത്ത് ,ഹയർ സെക്കണ്ടറി തുല്യതാ പഠന കേന്ദ്രങ്ങൾ, സർട്ടിഫിക്കറ്റ് കോഴ്സ് പഠന കേന്ദ്രങ്ങൾ, നവചേതന പഠന കേന്ദ്രങ്ങൾ എന്നിവിടങ്ങളിൽ , പി.എൻ പണിക്കർ അനുസ്മരണ സമ്മേളനം , സെമിനാറുകൾ, ചർച്ചാ ക്ലാസ്സുകൾ, സാഹിത്യ രചനാ മത്സരങ്ങൾ, ക്വിസ് മത്സരങ്ങൾ എന്നിവ സംഘടിപ്പിക്കും. കൂടാതെ “ഓർമ്മയിലേക്ക് ഒരു പുസ്തകം കൂടി ” എന്ന പേരിൽ ആയിരം പേർ ഓരോ പുസ്തകം വായിച്ചു തീർക്കുന്ന പരിപാടിയും സംഘടിപ്പിക്കും. ഇതിൽ ജില്ലാ സാക്ഷരതാ മിഷൻ ജീവനക്കാർ, സാക്ഷരതാ പ്രേരക്മാർ, സാക്ഷരതാ , തുല്യതാ പഠിതാക്കൾ, നവചേതന പഠിതാക്കൾ, അക്ഷരകൈരളി സാംസ്കാരിക കൂട്ടായ്മ പ്രവർത്തകർ എന്നിങ്ങനെ ആയിരം പേർ ജില്ലയിൽ വായനാ പക്ഷാചരണ കാലയളവിൽ ഓരോ പുസ്തകം വീതം വായിച്ചു തീർക്കും. വായനയെ പ്രോത്സാഹിപ്പിക്കുവാനും , വായനാ സന്ദേശം എല്ലാ ആളുകളിലേക്കും എത്തിക്കുവാനും എല്ലാവരും സഹകരിക്കണമെന്ന് സാക്ഷരതാ മിഷൻ ജില്ലാ കോ-ഓർഡിനേറ്റർ അഭ്യർത്ഥിച്ചു.