ബെംഗളൂരു റൂട്ടിൽ ഓടുന്ന അന്തർസംസ്ഥാന ബസുകൾ തമിഴ്നാട് എംവിഡി തടയുന്നതായി പരാതി


ബെംഗളൂരു റൂട്ടിൽ ഓടുന്ന അന്തർസംസ്ഥാന ബസുകൾ തമിഴ്നാട് എംവിഡി തടയുന്നതായി പരാതി;യാത്രികർ ഭൂരിഭാഗവും മലയാളികൾ ബെംഗളൂരു റൂട്ടിൽ ഓടുന്ന അന്തർസംസ്ഥാന ബസുകൾ തമിഴ്നാട് എംവിഡി തടയുന്നതായി പരാതി. തമിഴ്നാട് നാഗർകോവിൽ ഭാഗത്ത് ബസ് തടഞ്ഞിട്ടിരിക്കുന്നതായി യാത്രക്കാർ. വിദ്യാർത്ഥികൾ ഉൾപ്പടെ നിരവധി മലയാളികളാണ് ഭൂരിഭാഗം യാത്രക്കാരും. മറ്റ് ഏതെങ്കിലും ബസിൽ യാത്ര തുടരാനാണ് തമിഴ്നാട് ഉദ്യോഗസ്ഥർ ആവശ്യപ്പെടുന്നതെന്ന് യാത്രക്കാർ പറയുന്നു.
കഴിഞ്ഞദിവസം കേരളത്തിൽ നിന്ന് തമിഴ്നാട്ടിലേക്കുള്ള അന്തർ സംസ്ഥാന ബസ് സർവീസുകൾ വ്യാപകമായി റദ്ദാക്കിയത് യാത്രക്കാരെ ബുദ്ധിമുട്ടിലാക്കിയിരുന്നു. ബസ്സുകളുടെ നികുതിയുമായി ബന്ധപ്പെട്ട തമിഴ്നാട് മോട്ടോർ വാഹന വകുപ്പിന്‍റെ കടുത്ത നിലപാട് കാരണമാണ് സർവീസ് റദ്ദാക്കേണ്ടി വന്നതെന്ന് ബസ് ഉടമകൾ പറയുന്നു.
വൺ ഇന്ത്യ വൺ ടാക്സ് പദ്ധതി പ്രകാരം നികുതി അടച്ചതാണെന്നും എന്നാൽ ഇത് തമിഴ്നാട് മോട്ടോർ വാഹന വകുപ്പ് അംഗീകരിക്കുന്നില്ലെന്നും ആണ് സംസ്ഥാനത്തെ ബസ് ഉടമകളുടെ വാദം. തമിഴ്നാട്ടിൽ രജിസ്റ്റർ ചെയ്യാത്ത വാഹനങ്ങൾക്ക് ഉയർന്ന നികുതി വേണമെന്ന് നിലപാടെടുത്തതോടെയാണ് സർവീസുകൾ നിർത്തിവയ്ക്കേണ്ടി വന്നതെന്നും ബസ് ഉടമകൾ വിശദീകരിച്ചു. ഇതിന് പിന്നാലെയാണ് ഇന്ന് ബസുകൾ അതിര്‍ത്തികളിൽ തഞ്ഞിട്ടതായുള്ള വാര്‍ത്തയെത്തിയത്.