‘മണിപ്പൂരിൽ സമാധാനവും ഐക്യവും ഉറപ്പാക്കും’: സ്ഥിതിഗതികൾ വിലയിരുത്തി അമിത് ഷാ
ഇംഫാൽ: മണിപ്പൂരിലെ സ്ഥിതിഗതികൾ വിലയിരുത്തി കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. മണിപ്പൂരിൽ സമാധാനവും ഐക്യവും ഉറപ്പാക്കുമെന്നും അമിത് ഷാ പറഞ്ഞു. കുക്കി-മെയ്തെയ് വിഭാഗങ്ങളുമായി ഉടൻ ചർച്ച നടത്താൻ അമിത് ഷാ വിളിച്ച ഉന്നത തല യോഗത്തിൽ തീരുമാനമായി. ആവശ്യമെങ്കിൽ കൂടുതൽ കേന്ദ്ര സേനയെ വിന്യസിക്കാനാണ് തീരുമാനം. മണിപ്പൂരിൽ സുരക്ഷ ഉറപ്പാക്കുമെന്ന് ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കിയിട്ടുണ്ട്. അക്രമം നടത്തുന്നവർക്കെതിരെ കർശന നടപടിയെടുക്കുമെന്ന് അമിത് ഷാ പറഞ്ഞു.
കേന്ദ്ര ഉദ്യോഗസ്ഥർ ചർച്ചയിൽ പങ്കെടുക്കും. ദുരിതാശ്വാസ ക്യാമ്പുകളിൽ ഭക്ഷണം, വെള്ളം, മരുന്നുകൾ തുടങ്ങിയ അടിസ്ഥാന സൗകര്യങ്ങളുടെ ലഭ്യത വർധിപ്പിക്കും. ഇതുസംബന്ധിച്ച് തദ്ദേശ സ്ഥാപനങ്ങൾക്ക് നിർദേശം നൽകിയെന്നും അമിത് ഷാ പറഞ്ഞു. 2023 മെയ് മൂന്നിനാണ് മണിപ്പൂരിൽ കുക്കികളും മെയ്തെയ് വിഭാഗവും തമ്മിൽ സംഘർഷം തുടങ്ങിയത്.
ആഴ്ചകൾക്ക് മുമ്പ് മണിപ്പൂരിൽ വീണ്ടും സംഘർഷമുണ്ടായിരുന്നു. മോറേയിലെ സ്കൂളിൽ ഒരാളുടെ തലയില്ലാത്ത മൃതദേഹം കണ്ടെത്തിയതിനെ തുടർന്നായിരുന്നു സംഘർഷം. മണിപ്പൂരിൽ സംഘർഷം അവസാനിപ്പിക്കാൻ ഇടപെടണമെന്ന് ആർഎസ്എസ് മേധാവി മോഹൻ ഭാഗവത് ആവശ്യപ്പെട്ടിരുന്നു. അക്രമം മുൻഗണനാടിസ്ഥാനത്തിൽ അവസാനിപ്പിച്ച് സമാധാനാന്തരീക്ഷം പുനഃസ്ഥാപിക്കണമെന്നും അദ്ദേഹം പറഞ്ഞിരുന്നു.