ആക്രിക്കടയുടെ ഷട്ടർ തകർത്തു കവർച്ച: പ്രതി അറസ്റ്റിൽ
തൂക്കുപാലം ∙ തൂക്കുപാലം ടൗണിലെ ആക്രിക്കടയിൽ കവർച്ച നടത്തിയ പ്രതി അറസ്റ്റിൽ. കൂട്ടാർ ചെരുവിള പുത്തൻവീട്ടിൽ ഷാജി (43) ആണ് അറസ്റ്റിലായത്. ആക്രിക്കടയിൽ സൂക്ഷിച്ചിരുന്ന ഒരു ലക്ഷം രൂപയുടെ ആക്രിസാധനങ്ങൾ ഒരാഴ്ച മുൻപാണു മോഷ്ടാക്കൾ കവർന്നത്. തൂക്കുപാലം സ്വദേശി ഹാരീസിന്റെ ഉടമസ്ഥതയിലുള്ള സ്ഥാപനത്തിലാണ് മോഷണം നടന്നത്.
കഴിഞ്ഞ വ്യാഴാഴ്ച പുലർച്ചെ 12നു ശേഷമാണ് മോഷ്ടാവ് ആക്രിക്കടയുടെ ഷട്ടർ തകർത്ത ശേഷം കവർച്ച നടത്തിയത്. മോഷ്ടാക്കൾ എത്തിയതിന്റെയും സ്ഥലത്ത് നിന്നു കടന്നു പോകുന്നതിന്റെയും സിസിടിവി ദൃശ്യങ്ങൾ പൊലീസ് ശേഖരിച്ചിരുന്നു. മോഷ്ടാവിനെക്കുറിച്ച് പൊലീസിനു സൂചന ലഭിച്ചു. ചെമ്പ്, അലുമിനിയം, ബാറ്ററി, ആക്രിക്കടയിൽ ഉണ്ടായിരുന്ന ഉപകരണങ്ങൾ, ഇരുമ്പ് മുറിച്ചു മാറ്റുന്ന കട്ടറുകൾ എന്നിവയാണ് കവർന്നത്.
മോഷ്ടിച്ച വസ്തുക്കളുമായി വാഹനം കടന്നു പോകുന്ന അവ്യക്ത ദൃശ്യങ്ങൾ പൊലീസിനു ലഭിച്ചിരുന്നു. ബാലഗ്രാം കമ്പംമെട്ട് റോഡിലൂടെ വാഹനം കടന്നു പോകുന്ന ദൃശ്യങ്ങൾ പൊലീസ് ശേഖരിച്ചതോടെയാണു നിർണായക വിവരങ്ങൾ ലഭിച്ചത്. സിഐ ബി.എസ്.പ്രദീപ്, എസ്ഐ വി.എസ്. സജീവൻ, പൊലീസ് ഉദ്യോഗസ്ഥരായ വി.എസ്.സെബാസ്റ്റ്യൻ, സജീവ്, സുരേഷ്, അഭിലാഷ് ഗ്രെയ്സൺ ആന്റണി എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്.