തേയില തോട്ടത്തിൽ പുലികളിറങ്ങി: വളർത്തു മൃഗത്തെ കൊന്നു; ഭീതിയിൽ നാട്ടുകാർ. വണ്ടിപ്പെരിയാർ, അരണക്കൽ എസ്റ്റേറ്റേറ്റിലെ മൗണ്ട് ഭാഗത്ത് ആണ് സംഭവം
വണ്ടിപ്പെരിയാർ അരണക്കൽ മൗണ്ട് എസ്റ്റേറ്റിലെ തേയില തോട്ടത്തിലിറങ്ങിയ പുലികൾ ആണ് പശുവിനെ കൊന്നത്. തോട്ടം തൊഴിലാളിയായ സുശീന്റെ ആറ് വയസ്സ് പ്രായമുള്ള പശുവിനെയാണ് പുലികൾ കൊന്നത്.
ഇന്നലെ പുലർച്ചേ തോട്ടത്തിലൂടെ ഇരുചക്രവാഹനത്തിൽ പോവുകയായിരുന്ന എസ്റ്റേറ്റ് ജീവനക്കാരനാണ് പുലികളെ ഈ ഭാഗത്ത് കണ്ടതായി പറയുന്നത്.. കഴിഞ്ഞദിവസം
തോട്ടത്തിനുള്ളിലെ പുൽമേടുകളിൽ മേയാൻ വിട്ടിരുന്ന പശുവിനെയാണ് ചത്തനിലയിൽ കണ്ടെത്തിയത്.
പാൽ വിൽക്കുന്നത് വഴി ലഭിച്ചിരുന്ന വരുമാനമായിരുന്നു സുശീന്റെ പ്രധാന വരുമാനം. പശുവിനെ പുലികൾ കൊന്നതോടെ ജീവിതം പ്രതിസന്ധിയിലായിരിക്കുകയാണ് .
പെരിയാർ കടുവ സങ്കേതത്തോട് ചേർന്നു കിടക്കുന്ന പ്രദേശമാണ് അരണക്കൽ എസ്റ്റേറ്റ്. ഇതിനോടകം നിരവധി വളർത്തുമൃഗങ്ങളെയാണ് കടുവ, പുലി എന്നിവ കൊന്നൊടുക്കിയത്.
വന്യ ജീവികൾ നാട്ടിലേക്ക് പ്രവേശിക്കാതിരിക്കാനുള്ള വൈദ്യുത വേലികളോ കിടങ്ങുകളോ ഇല്ലാത്തതാണ് പ്രതിസന്ധി രൂക്ഷമാകുന്നത്.
അര ലക്ഷത്തിലധികം രൂപ വിലകൊടുത്തു വാങ്ങിയ പശുവിനെയാണ് പുലികൾ കൊന്നതെന്ന് ഉടമ പറയുന്നു. നാട്ടുകാർ വിവരം അറിയിച്ചതനുസരിച്ച് മുറിഞ്ഞപുഴ സെക്ഷനിൽ നിന്നുള്ള വനപാലകർ സ്ഥലത്തെത്തി.
പശുവിൻ്റെ ജഢം പോസ്റ്റുമോർട്ടം നടത്തി സംസ്ക്കരിച്ചു. പ്രദേശത്ത് നടത്തിയ തിരച്ചിലിൽ പുലികളെ കണ്ടെത്താനായില്ലങ്കിലും പല ഭാഗത്തും ഒന്നിലധികം പുലികളുടെ കാൽപ്പാടുകൾ കണ്ടെത്തിയിട്ടുണ്ട്. തേയില തോട്ടത്തിനുള്ളിൽ പുലികൾ ഇറങ്ങി പശുവിനെ കൊന്നത് പ്രദേശവാസികളെ ഭീതിയിലാക്കിയിട്ടുണ്ട്.