എക്സിറ്റ് പോൾ ഫലങ്ങൾക്ക് പിന്നാലെ കുതിച്ചുയർന്ന് ഓഹരി വിപണി;റെക്കോഡിട്ട് സെന്‍സെക്‌സും നിഫ്റ്റിയും
ന്യൂഡൽഹി: മൂന്നാം തവണയും മോദി സർക്കാർ അധികാരത്തിൽ വരുമെന്ന എക്സിറ്റ് പോൾ ഫലങ്ങൾക്ക് പിന്നാലെ കുതിച്ചുയർന്ന് ഓഹരി വിപണി. സെന്‍സെക്‌സും നിഫ്റ്റിയും റെക്കോഡ് ഉയരത്തിലെത്തി. 2600 പോയിന്റാണ് സെന്‍സെക്‌സിലെ നേട്ടം. സെന്‍സെക്‌സ് 76738-ഉം നിഫ്റ്റി 23338-ഉം കടന്നു. എല്ലാ സെക്ടറല്‍ സൂചികകളും മികച്ച നേട്ടത്തിലാണ്.
പൊതുമേഖല ബാങ്ക് സൂചിക 4.50 ശതമാനത്തിലേറെ ഉയര്‍ന്നു. നിഫ്റ്റി ബാങ്ക്, ഓട്ടോ, ധനകാര്യ സേവനം, മീഡിയ, റിയാല്‍റ്റി സൂചികകള്‍ മൂന്നു ശതമാനത്തോളം നേട്ടത്തിലാണ്. ഇതാദ്യമായി നിഫ്റ്റി ബാങ്ക് സൂചിക 50000 പിന്നിട്ടു. ബിഎസ്ഇ മിഡ് ക്യാപ് സൂചികയില്‍ നാല് ശതമാനവും സ്‌മോള്‍ ക്യാപ് സൂചികയില്‍ രണ്ട് ശതമാനവുമാണ് നേട്ടം.
അദാനി പോര്‍ട്‌സ്, ശ്രീരാം ഫിനാന്‍സ്, പവര്‍ഗ്രിഡ് കോര്‍പ് തുടങ്ങിയ ഓഹരികള്‍ 10 ശതമാനം വരെ നേട്ടമുണ്ടാക്കിയിട്ടുണ്ട്. ബാങ്ക് ഓഫ് ബറോഡ, ബാങ്ക് ഓഫ് ഇന്ത്യ, കാനറ ബാങ്ക്, എസ്ബിഐ, യുക്കോ ബാങ്ക്, ഇന്ത്യന്‍ ബാങ്ക് തുടങ്ങിയവ 3.50 ശതമാനത്തിലേറെ ഉയരത്തിലാണ്.