പുള്ളിക്കാനം ശ്രീവസുപ്രദ പ്ലാന്റേഷൻ തൊഴിലാളികൾ ചോർന്നൊലിക്കുന്ന ലയങ്ങൾക്കുള്ളിൽ വിറങ്ങലിച്ച് കഴിയേണ്ട സാഹചര്യമാണ് ഉള്ളത്

തോട്ടം മാനേജ്മെന്റ് തൊഴിലാളികളുടെ പരാതി പരിഹരിക്കുവാൻ നടപടി സ്വീകരിക്കുന്നില്ല. കാലവർഷം കനത്തതോടെ ഓടു
മേഞ്ഞലയങ്ങളിൽ വെള്ളം ചോർന്നൊലിച്ച് വാസയോഗ്യമല്ലാതായി. പതിറ്റാണ്ടുകൾക്ക് മുൻപ് നിർമ്മിച്ച ലയങ്ങൾ ജീർണിച്ചവസ്ഥയിലാണ്. തോട്ടത്തിന്റെ പഴയകാട്, പുതുക്കാട്, കോലാഹലമേട് എന്നീ ഡിവിഷനുകളിൽ നിലവിൽ 75ൽ താഴെ സ്ഥിരം തൊഴിലാളികൾ മാത്രമാണ് ഇപ്പോൾ ഉള്ളത്. ആസാം ജാർഖണ്ഡ് എന്നിവിടങ്ങളിൽ നിന്നുള്ള അതിഥി തൊഴിലാളികൾ പണിയെടുക്കുന്നു. ഇവർക്കും വേണ്ടത്ര സുരക്ഷിതമായ താമസ സൗകര്യം ഒരുക്കിയിട്ടില്ല. തോട്ടം തൊഴിലാളികളുടെ പാർപ്പിട പദ്ധതിക്കായി പിണറായി സർക്കാർ പത്തു കോടി പ്രഖ്യാപിച്ച സ്കീമിൽ സർക്കാരിൽ അപേക്ഷ നൽകി പാർപ്പിട പദ്ധതിയിൽ സഹകരിക്കണമെന്ന് സിഐടിയു നേതാക്കളായ കെടി ബിനു, എംജെ വാവച്ചൻ , എൻ എം കുശൻ എന്നിവർ തോട്ടം ഉടമയോട് നേരിട്ട് സംസാരിച്ചിരുന്നു. പീരുമേട്താലൂക്കിലെ രണ്ട് തേയില തോട്ടം ഉടമകൾ പാർപ്പിട പദ്ധതിയുമായി സഹകരിച്ച് ആധുനിക നിലവാരമുള്ള പാർപ്പിടങ്ങൾ ഒരുക്കിയതും മാതൃകയാക്കണമെന്നും നേതാക്കൾ ഉടമയോട് ആവശ്യപ്പെട്ടിരുന്നു. എന്നാൽ ഉടമ അപേക്ഷ നൽകാൻ നാളിതുവരെ തയ്യാറായില്ല. കടുത്ത നിയമലംഘനമാണ് സൗകര്യങ്ങൾ ഒരുക്കി കൊടുക്കുന്ന കാര്യത്തിൽ തോട്ടം സ്വീകരിക്കുന്നത്. 1951 കേന്ദ്രസർക്കാർ പാസാക്കിയ പ്ലാന്റേഷൻ ആക്ട് നിയമപ്രകാരം തൊഴിലാളികൾക്ക് നൽകേണ്ട പരിരക്ഷകൾ ഒന്നും ഉടമ പാലിക്കുന്നില്ല. തോട്ടത്തിൽ യന്ത്രവൽക്കരണം വ്യാപകമായതോടെ തൊഴിലാളികളുടെ എണ്ണവും കുറഞ്ഞു വരികയാണ്. കുളുന്ത് എടുക്കുന്നതിന് ബാറ്ററിയിൽ പ്രവർത്തിക്കുന്ന മൂന്ന് കിലോഭാരം വരുന്ന മിഷൻ ഉപയോഗിച്ച് ദീർഘസമയം ജോലിയെടുക്കുവാൻ തൊഴിലാളികൾക്ക് ആരോഗ്യം അനുവദിക്കുന്നില്ല. പലരും ഉപേക്ഷിച്ചു മറ്റ് തൊഴിൽ തേടി പോകുന്ന സാഹചര്യമുണ്ട്. വിനോദ് സഞ്ചാര മേഖല കൂടി ആയതിനാൽ കമ്പനിയുടെ ഉപേക്ഷിക്കപ്പെട്ട സ്റ്റാഫ് കോർട്ടേഴ്സുകൾ എല്ലാം നവീകരിച്ച് ദിവസം വാടകയ്ക്ക് നൽകുന്ന മാനേജ്മെന്റ് തൊഴിലാളികൾ താമസിക്കുന്ന ലയങ്ങൾ നന്നാക്കി വസയോഗ്യമാകുവാൻ തയ്യാറാകുന്നില്ല. തൊഴിലാളികൾ താമസിക്കുന്ന ലയങ്ങൾക്ക് ചുറ്റുപാടും കാടും പടർപ്പ് കയറി ഇഴ ജന്തുക്കളുടെ ആവാസകേന്ദ്രമായി മാറിയിട്ടുണ്ട് .







































































































































