കത്തോലിക്ക കോൺഗ്രസ് ഇടുക്കി രൂപത പ്രതിനിധി സമ്മേളനവും തെരഞ്ഞെടുപ്പും നടന്നു
കത്തോലിക്കാ കോൺഗ്രസ് പ്രതിനിധി സമ്മേളനവും തെരഞ്ഞെടുപ്പും വാഴത്തോപ്പ് സെന്റ് ജോർജ് പാരിഷ് ഹാളിൽ നടന്നു രൂപതയിലെ വിവിധ യൂണിറ്റുകളിൽ നിന്നും തിരഞ്ഞെടുക്കപ്പെട്ട പ്രതിനിധികൾ സമ്മേളനത്തിൽ പങ്കെടുത്തു.
കത്തോലിക്കാ കോൺഗ്രസ് രൂപത പ്രസിഡന്റ് ജോർജ് കോയിക്കലിന്റെ അധ്യക്ഷതയിൽ ചേർന്ന പ്രതിനിധി സമ്മേളനം ഡയറക്ടർ ഫാദർ ജോസഫ് പാലക്കുടി ഉദ്ഘാടനം ചെയ്തു .
സംഘടനയുടെ വാർഷിക റിപ്പോർട്ടും വരവ് ചിലവ് കണക്കുകളും യോഗം ഐക്യകണ്ഠേന പാസാക്കി. ദീർഘകാലം സംഘടനയുടെ ഡയറക്ടറായി സേവനമനുഷ്ഠിച്ച ശേഷം സ്ഥാനമൊഴിയുന്ന ഫാദർ ഫ്രാൻസിസ് ഇടവക്കണ്ടത്തിന് യാത്രയയപ്പ് നൽകി. യോഗത്തിൽ കടുത്ത വേനലും വരൾച്ചയും അതിതീവ്ര മഴയും മൂലം ദുരിതമനുഭവിക്കേണ്ടി വരുന്ന കർഷകർക്ക് അർഹമായ സാമ്പത്തിക സഹായവും ദുരിതാശ്വാസവും നൽകാത്ത സർക്കാർ നടപടിയിൽ ശക്തമായ പ്രതിഷേധം രേഖപ്പെടുത്തി .കർഷക തൊഴിലാളി രജിസ്ട്രേഷനും ആശ്വാസ നടപടികളും നിർത്തിവെച്ച സർക്കാർ നടപടിക്കെതിരെയും അംഗങ്ങൾ പ്രതിഷേധം രേഖപ്പെടുത്തി. ജസ്റ്റിസ് ജെബി കോശി കമ്മീഷൻ റിപ്പോർട്ട് നിർദേശങ്ങൾ അടിയന്തരമായി നടപ്പിലാക്കണമെന്ന് ആവശ്യം ഉന്നയിച്ചുകൊണ്ടുള്ള പ്രമേയം റിൻസി ടോമിയും ദുരിതമനുഭവിക്കുന്ന കർഷകരെ സംരക്ഷിക്കുന്നതിനുള്ള അടിയന്തര നടപടികൾ സർക്കാർ സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ടുള്ള പ്രമേയം ജോസ് തോമസ് ഒഴുകയിലും യോഗത്തിൽ അവതരിപ്പിച്ച ഐകണ്ഠേന പാസാക്കി. തുടർന്ന് നടന്ന തെരഞ്ഞെടുപ്പിന് വരണാധികാരിയായ ചുമ്മാർ മാത്യു നേതൃത്വം നൽകി. 2024- 27 പ്രവർത്തന കാലത്തേക്കുള്ള ഭരണസമിതി അംഗങ്ങളെ തിരഞ്ഞെടുത്തു. പ്രസിഡണ്ടായി ജോർജ് കോയിക്കിലും ജനറൽ സെക്രട്ടറിയായി സിജോ ഇലന്തൂർ ട്രെഷറർ ജോസഫ് ചാണ്ടി തേവർ പറമ്പിൽ ജോസ് തോമസ് ഒഴികയിൽ സാബു കുന്നുംപുറം ആഗ്നസ് ബേബി ജോളി ജോൺ എന്നിവർ വൈസ് പ്രസിഡണ്ടുമാരായും തിരഞ്ഞെടുക്കപ്പെട്ടു. തുടർന്ന് നടന്ന ചർച്ചയിൽ സമുദായ ശാക്തീകരണ പ്രവർത്തനങ്ങൾക്കൊപ്പം കാർഷിക മേഖലയിലെ പ്രതിസന്ധികളും ഭൂപ്രശ്നങ്ങളും പരിഹരിക്കും വരെ തുടർ സമരപരമ്പരക ളുമായി മുന്നേറുവാൻ തീരുമാനിച്ചതായി ഭാരവാഹികൾ അറിയിച്ചു.