നെടുങ്കണ്ടം ഡീലേഴ്സ് കോ ഓപറേറ്റിവ് ബാങ്കിന്‍റെ കുമളി ബ്രാഞ്ച് മാനേജർ ഒരു കോടി രൂപ തട്ടിയെടുത്ത് മുങ്ങിയതായി പരാതി


കോണ്‍ഗ്രസ് ഭരണസമിതി നേതൃത്വം നല്‍കുന്ന നെടുങ്കണ്ടം ഡീലേഴ്സ് കോ ഓപറേറ്റിവ് ബാങ്കിന്‍റെ കുമളി ബ്രാഞ്ച് മാനേജർ ഒരു കോടി രൂപ തട്ടിയെടുത്ത് മുങ്ങിയതായി പരാതി.
ബാങ്കിന്‍റെ മാനേജരായിരുന്ന ചക്കുപള്ളം സ്വദേശി വൈശാഖ് മോഹനനെതിരെ ഭരണസമിതി നല്‍കിയ പരാതിയില്‍ കുമളി പൊലീസ് കേസെടുത്തു. ഇയാള്‍ ഒളിവിലാണെന്ന് പൊലീസ് പറഞ്ഞു. ബാങ്കില്‍ നിക്ഷേപം പിൻവലിക്കാനെത്തിയവർ പണം കിട്ടാത്തതിനെത്തുടർന്ന് കുമളി ബ്രാഞ്ചിന് മുന്നില്‍ ശനിയാഴ്ച പ്രതിഷേധിച്ചതോടെ പൊലീസ് എത്തിയാണ് ഇവരെ തിരികെ അയച്ചത്.റേഷൻ ഡീലർമാരുടെ പേരില്‍ രൂപം കൊണ്ട സൊസൈറ്റിയില്‍ പിന്നീട് മറ്റ് വ്യാപാരികളെയും അംഗങ്ങളാക്കുകയായിരുന്നു.
നെടുങ്കണ്ടം ആസ്ഥാനമായി പ്രവർത്തിക്കുന്ന സഹകരണ സൊസൈറ്റിക്ക് കുമളി, കട്ടപ്പന, അടിമാലി എന്നിവിടങ്ങളില്‍ ശാഖകളുണ്ട്. 2021- 24 വരെ കുമളി ശാഖയിലെ മാനേജരായിരുന്ന വൈശാഖ് 1,00,49,000 രൂപയാണ് തട്ടിയെടുത്തത്. വൈശാഖിന്‍റെയും ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും പേരില്‍ മതിയായ രേഖകളില്ലാതെ വായ്പ അനുവദിച്ചും ചിട്ടിയില്‍നിന്നുള്ള തുക തിരിമറി നടത്തിയുമാണ് പണം കൈക്കലാക്കിയത്.
ബാങ്കില്‍ വായ്പ തുക തിരിച്ചടക്കാൻ നല്‍കിയ പണം മരിച്ചയാള്‍ക്ക് ചിട്ടിപ്പണമായി നല്‍കിയെന്നുവരെ രേഖയുണ്ടാക്കിയാണ് വൻതുക തട്ടിയത്. പലരുടെയും ഫിക്സഡ് ഡെപ്പോസിറ്റും തട്ടിയെടുത്തു. മൂന്നുമാസം മുമ്ബ് അധികാരമേറ്റ പുതിയ ഭരണസമിതി നടത്തിയ പരിശോധനയിലാണ് തട്ടിപ്പുകള്‍ കണ്ടെത്തിയത്.