മൂന്നാർ കല്ലാർ മാലിന്യ പ്ലാന്റിൽ വീണ്ടും പടയപ്പ


മൂന്നാർ കല്ലാർ മാലിന്യ പ്ലാന്റിൽ വീണ്ടുമെത്തി പടയപ്പ. പ്ലാന്റിലെ പ്ലാസ്റ്റിക് മാലിന്യങ്ങൾ ഉൾപ്പെടെ ആന ഭക്ഷിക്കുന്നത് തുടർക്കഥയാകുന്നു. അതിരപ്പള്ളി വെറ്റിലപ്പാറയിൽ പെട്രോൾ പമ്പിന് സമീപം ഇറങ്ങിയ കാട്ടാന ഏറെ നേരം ഗതാഗതം തടസ്സപ്പെടുത്തി.
ഒരു ഇടവേളയ്ക്ക് ശേഷമാണ് വീണ്ടും പടയപ്പ കല്ലാർ മാലിന്യ പ്ലാന്റിൽ എത്തുന്നത്. മൂന്നാറിൽ നിന്ന് ശേഖരിക്കുന്ന പ്ലാസ്റ്റിക് ഉൾപ്പെടുന്ന മാലിന്യങ്ങൾ പടയപ്പ ഭക്ഷിക്കുന്നു. കാട്ടാന പ്ലാന്റിൽ എത്തുന്നത് ജീവനക്കാർക്കും ബുദ്ധിമുട്ടുണ്ടാക്കുന്നുണ്ട്. ജനവാസ മേഖലയുടെ കൂടെയുള്ള പടയപ്പയുടെ സഞ്ചാരം നാട്ടുകാർക്കും ബുദ്ധിമുട്ടാണ്. പടയപ്പ ഉൾപ്പെടെയുള്ള കാട്ടാനകൾ മാലിന്യ പ്ലാന്റിൽ പ്രവേശിക്കാതിരിക്കാൻ നടപടി സ്വീകരിക്കുമെന്ന് മുൻപ് മൂന്നാർ പഞ്ചായത്ത് പറഞ്ഞിരുന്നു. പക്ഷേ യാതൊരു നടപടിയും ഉണ്ടായിട്ടില്ല.
അതിരപ്പള്ളിയിൽ ഇറങ്ങിയ കാട്ടാന വാഹനങ്ങൾ തടഞ്ഞു.വെറ്റിലപ്പാറ ചിക്ലായി പെട്രോൾ പമ്പിന് സമീപമാണ് കാട്ടുകൊമ്പൻ വഴി തടഞ്ഞ്. കാട്ടാന റോഡിൽ നിലയുറപ്പിച്ചതോടെ അതിരപ്പള്ളി ചാലക്കുടി റൂട്ടിൽ ഗതാഗതം തടസ്സപ്പെട്ടു. പിന്നീട് കൊമ്പൻ തന്നെ കാടുകയറുകയായിരുന്നു.