‘മുഖ്യമന്ത്രിയുടെ ഓഫീസിന് കീഴിലെ ഉപജാപക സംഘമാണ് പൊലീസിനെ നിയന്ത്രിക്കുന്നത്’; നാട് ഗുണ്ടകളുടെ നിയന്ത്രണത്തിലെന്ന് പ്രതിപക്ഷ നേതാവ്


ഗുണ്ടകളുടെ നിയന്ത്രണത്തിലാണ് നാട് എന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ. പൊലീസ് നോക്കുകുത്തിയായി നിൽക്കുന്നു. ഗുണ്ടകൾക്കും ലഹരി മാഫിയക്കും പൊലീസ് സംരക്ഷണം നൽകുന്നു. പൊലീസിന് നടപടിയെടുക്കാൻ കഴിയുന്നില്ല എന്നും വി.ഡി സതീശൻ മാധ്യമങ്ങളോട് പ്രതികരിച്ചു.
മുഖ്യമന്ത്രിയുടെ ഓഫീസിന് കീഴിലെ ഉപജാപക സംഘമാണ് പൊലീസിനെ നിയന്ത്രിക്കുന്നത്. പാർട്ടി നേതാക്കൾക്ക് വേണ്ടി പൊലീസിനെ വീതം വെച്ച് കൊടുത്തിരിക്കുന്നു. ഇതുവരെ ഉണ്ടാകാത്ത തരത്തിൽ ക്രൂരമായ ആക്രമണങ്ങളാണ് നടക്കുന്നത്. ആർക്കും കൊട്ടേഷൻ കൊടുക്കാൻ പറ്റുന്ന അവസ്ഥ സംസ്ഥാനത്തുടനീളം വീടുകൾ അടിച്ചുപൊളിക്കുന്നു. പൊലീസിനും എക്സൈസിനും ആരെങ്കിലും വിവരം കൊടുത്താൽ അവരെ ആക്രമിക്കുന്നു.
പന്തീരാങ്കാവ് സംഭവത്തിൽ പരാതി കൊടുത്തവരെ പൊലീസ് പരിഹസിച്ചു. കോഴിക്കോട് കമ്മീഷണറോട് താൻ വിളിച്ചു പറഞ്ഞിട്ടും നടപടിയെടുത്തില്ല. ഇനി പ്രതി രക്ഷപ്പെട്ടാൽ പൊലീസ് മറുപടി പറയേണ്ടിവരും. മുഖ്യമന്ത്രി ഉണ്ടെങ്കിലും ഇതുതന്നെയാണ് അവസ്ഥ.
വീക്ഷണത്തിൽ വന്നത് പാർട്ടിയുടെയോ മുന്നണിയുടെയോ നിലപാടല്ല. സർക്കാരിന്റെ കൈയിൽ നയാപൈസയില്ല. ഒരു ക്ഷേമ പ്രവർത്തനവും കേരളത്തിൽ നടക്കുന്നില്ല. മുഖ്യമന്ത്രിക്കസേരയിൽ വന്ന് മുകളിലേക്ക് നോക്കിയിരിക്കുക എന്നത് മാത്രമേ കഴിയൂ. രണ്ട് ദിവസം കൂടി അവിടെ നിന്നാൽ മതിയായിരുന്നു. കോൺഗ്രസ് പാർട്ടിയോ യുഡിഎഫോ ഇത് ചർച്ച ചെയ്തിട്ടില്ലെന്നും പ്രതിപക്ഷനേതാവ് പറഞ്ഞു.