അവധിക്കാലം ആഘോഷമാക്കാന്‍ കാന്തല്ലൂരില്‍ ടൂറിസം ഫെസ്റ്റ് ഇന്നു മുതല്‍ 12 വരെ നടക്കും
ടൂറിസം വികസനത്തിനായും അവധിക്കാലത്ത് വിനോദ സഞ്ചാരികളെ ആകര്‍ഷിക്കാനുമായി കാന്തല്ലൂരില്‍ ടൂറിസം ഫെസ്റ്റ് ഇന്നു മുതല്‍ 12 വരെ നട ക്കും. രണ്ടാം തവണയാണ് ഫെസ്റ്റ് നടക്കുന്നത്. കാന്തല്ലൂര്‍ പഞ്ചായത്ത്, റിസോര്‍ട്ട് ആന്‍ഡ് ഹോംസ്റ്റേ അസോസിയേഷന്‍, ഡ്രൈവേഴ്‌സ് യൂണിയന്‍ എന്നിവര്‍ ചേര്‍ന്നാണ് ഫെസ്റ്റ് സംഘടിപ്പിക്കുന്നത്. ഫെസ്റ്റിന്റെ ഭാഗമായി മറയൂര്‍, ചിന്നാര്‍, മൂന്നാര്‍ മേഖലകളില്‍നിന്ന് പ്രത്യേക ടൂര്‍ പാക്കേജ് ഉണ്ടായിരിക്കും. കാന്തല്ലൂരിലെ വിവിധ ടൂറിസം കേന്ദ്രങ്ങള്‍, ശിലായുഗ കാഴ്ചകള്‍, മുനിയറകള്‍, വെള്ളച്ചാട്ടങ്ങള്‍ തുടങ്ങിയവ സന്ദര്‍ശിക്കാം. കൂടാതെ, ഭൗമസൂചിക പദവി നേടിയ മറയൂര്‍ ശര്‍ക്കര, കാന്തല്ലൂര്‍ വട്ടവട വെളുത്തുള്ളി, ശീതകാല പച്ചക്കറികള്‍, ആപ്പിള്‍, സ്‌ട്രോബറി, റാഗി, സു ഗന്ധവ്യഞ്ജനങ്ങള്‍ തുടങ്ങിയവ വിളയുന്ന തോട്ടങ്ങളും കാണാം. കാര്‍ണിവല്‍, അമ്യൂസ്‌മെന്റ് പാര്‍ക്ക്, ചലച്ചിത്ര താരങ്ങള്‍ ഒരുക്കുന്ന മെഗാഷോ, ഫ്‌ളവര്‍ ഷോ തുടങ്ങിയവയുമുണ്ടാകും.സംസ്ഥാന ഉത്തരവാദിത്ത ടൂറിസം മിഷന്റെ സുസ്ഥിരവും എല്ലാവരെയും ഉള്‍ക്കൊള്ളുന്നതുമായ സ്ട്രീറ്റ് ടൂറിസം പദ്ധതി വിജയകരമായി നടപ്പാക്കിയ കാന്തല്ലൂര്‍ ഗ്രാമത്തിന് മികച്ച ഗ്രാമീണ ടൂറിസം പദ്ധതി വിഭാഗത്തില്‍ ഇന്ത്യാ ഗവണ്‍മെന്റിന്റെ ഗോള്‍ഡ് അവാര്‍ഡ് ലഭിച്ചിരുന്നു. ലോക ടൂറിസം ദിനത്തില്‍ ന്യൂഡല്‍ഹിയിലെ ഭാരത് മണ്ഡപത്തില്‍ നടന്ന ചടങ്ങില്‍ കേന്ദ്ര ടൂറിസം മന്ത്രാലയം സെക്രട്ടറി വി വിദ്യാവതിയില്‍ നിന്ന് സംസ്ഥാന ടൂറിസം ഡയറക്ടര്‍ പി ബി നൂഹ് അവാര്‍ഡ് ഏറ്റുവാങ്ങുകയും ചെയ്തിരുന്നു. ഈ ഒരാവേശം കൂടി ഉള്‍കൊണ്ടാണ് ഇത്തവണ രണ്ടാമത് കാന്തല്ലൂര്‍ ടൂറിസം ഫെസ്റ്റ് സംഘടിപ്പിക്കുന്നത്.