പൊരുതാതെ കീഴടങ്ങി ലക്നൗ; ഒന്നാം സ്ഥാനത്തേക്കുയർന്ന് കൊൽക്കത്ത


ഐപിഎലിൽ ലക്നൗവിനെ വീഴ്ത്തി കൊൽക്കത്ത നൈറ്റ് റൈഡേഴ്സ്. 98 റൺസിനാണ് കൊൽക്കത്ത വിജയം കുറിച്ചത്. 236 റൺസിൻ്റെ വിജയലക്ഷ്യവുമായി ഇറങ്ങിയ ലക്നൗ 16.1 ഓവറിൽ 137 റൺസിന് ഓൾ ഔട്ടായി. 36 റൺസ് നേടിയ മാർക്കസ് സ്റ്റോയിനിസാണ് ലക്നൗവിൻ്റെ ടോപ്പ് സ്കോറർ. കൊൽക്കത്തയ്ക്കായി ഹർഷിത് റാണ, വരുൺ ചക്രവർത്തി എന്നിവർ മൂന്ന് വിക്കറ്റ് വീതം വീഴ്ത്തി.
കൂറ്റൻ വിജയലക്ഷ്യത്തിലേക്ക് പാഡ് കെട്ടിയിറങ്ങിയ ലക്നൗ ഒരിക്കൽ പോലും കൊൽക്കത്തയ്ക്ക് വെല്ലുവിളി ഉയർത്തിയില്ല. മികച്ച രീതിയിൽ പന്തെറിഞ്ഞ കെകെആർ നിശ്ചിത ഇടവേളകളിൽ വിക്കറ്റ് വീഴ്ത്തി. അർഷിൻ കുൽക്കർണി (9) വേഗം മടങ്ങിയെങ്കിലും രണ്ടാം വിക്കറ്റിൽ കെഎൽ രാഹുലും മാർക്കസ് സ്റ്റോയിനിസും ചേർന്ന് 50 റൺസ് കൂട്ടിച്ചേർത്തി. രാഹുൽ (21 പന്തിൽ 25) മടങ്ങിയതോടെ ലക്നൗ തകർന്നു. ദീപക് ഹൂഡ (5), നിക്കോളാസ് പൂരാൻ (10), ആയുഷ് ബദോനി (15), ആഷ്ടൺ ടേണർ (16), കൃണാൽ പാണ്ഡ്യ (5), യുദ്ധ്‌വീർ സിംഗ് (7), രവി ബിഷ്ണോയ് (2) എന്നിവരൊക്കെ വേഗം മടങ്ങി.
ജയത്തോടെ രാജസ്ഥാനെ മറികടന്ന് കൊൽക്കത്ത ഒന്നാം സ്ഥാനത്തേക്കുയർന്നു.