സ്നേഹവീട് സമർപ്പിച്ചു
ഉപ്പുതറ സെന്റ്. ഫിലോമിനാസ് ഹയർ സെക്കന്ററി സ്കൂൾ എൻ.എസ്.എസ് യൂണിറ്റ്, സ്കൂളിൽ പഠിക്കുന്ന ഒരു വിദ്യാർത്ഥിക്കായി പണികഴിപ്പിച്ച സ്‌നേഹവീടിന്റെ താക്കോൽദാനം നടന്നു.
പീരുമേട് എം.എൽ.എ വാഴൂർ സോമനാണ് താക്കോൽദാനം നിർവ്വഹിച്ചത്.
കഴിഞ്ഞ ആഗസ്റ്റ് മാസത്തിലാണ് സ്‌നേഹവീടിന്റെ നിർമ്മാണം ആരംഭിച്ചത്. സ്കൂളിലെ പൂർവ്വവിദ്യാർത്ഥികളാണ് ഭവനനിർമ്മാണത്തിനാവശ്യമായ മുഖ്യ സംഭാവന നൽകിയത്. പിന്നീട് പായസ ചലഞ്ച്, ബിരിയാണി ചലഞ്ച് എന്നിവയും ധനശേഖരണത്തിനുവേണ്ടി സംഘടിപ്പിച്ചു. വീടുകളും, സ്ഥാപനങ്ങളും, കടകളും കയറിയിറങ്ങി എൻ.എസ്.എസ് വോളന്റിയേഴ്‌സ് നടത്തിയ ആക്രി ചല്ലഞ്ചിലൂടെയും ധനശേഖരണം നടത്തി. ഏതാണ്ട് ആറര ലക്ഷത്തിൽ പരം തുകയാണ് അഞ്ഞൂറ്റി അൻപതു സ്‌ക്വയർ ഫീറ്റ് വരുന്ന ഈ വാർക്ക വീട് നിർമ്മിക്കാനായി എൻ.എസ്.എസ് യൂണിറ്റ് വിനിയോഗിച്ചത്.
സ്കൂൾ പ്രിൻസിപ്പൽ ജീമോൻ ജേക്കബ്, എൻ.എസ്.എസ് പ്രോഗ്രാം ഓഫീസർ ലാലി സെബാസ്റ്റ്യൻ, കൺവീനർ സജിൻ സ്കറിയ എന്നിവർ നേതൃത്വം നൽകിയ കമ്മറ്റി ആണ് സ്‌നേഹവീട് നിർമ്മാണത്തിന് ചുക്കാൻ പിടിച്ചത്. എൻ.എസ്.എസ് വോളന്റിയേർസ്സും, പി.ടി.എ ഭാരവാഹികളും , മാതാപിതാക്കളും ഒപ്പം നിന്നു പ്രവർത്തിച്ചു.
ഉപ്പുതറ സെന്റ്. ഫിലോമിനാസ് ഹയർ സെക്കന്ററി സ്കൂളിലെ എൻ.എസ്.എസ് യൂണിറ്റ് നിർമ്മിച്ചു നൽകുന്ന അഞ്ചാമത്തെ വീടാണിത്. മുൻ എൻ.എസ്.എസ് പ്രോഗ്രാം ഓഫീസർ ആയിരുന്ന സജിൻ സ്കറിയ – യുടെ കാലത്താണ് ഇതിൽ നാല് വീടുകളും പണികഴിപ്പിച്ചത്. കൂടാതെ അതെ കാലയളവിൽ തന്നെ പ്രളയത്തിൽ ഭാഗികമായി തകർന്ന ആറു വീടുകൾ പുനർനിർമ്മിച്ചു നൽകുവാനും എൻ.എസ്.എസ് യൂണിറ്റിനു സാധിച്ചിരുന്നു.
സ്‌നേഹവീട് താക്കോൽദാന കർമ്മത്തിൽ എൻ.എസ്.എസ് ഇടുക്കി ജില്ല കോ-ഓർഡിനേറ്റർ സുമമോൾ ചാക്കോ അധ്യക്ഷത വഹിച്ചു. പ്രിൻസിപ്പൽ ജീമോൻ ജേക്കബ്, പ്രൊഗ്രാം ഓഫീസർ ലാലി സെബാസ്റ്റ്യൻ, കൺവീനർ സജിൻ സ്കറിയ, വോളൻറ്റിയേഴ്സ് ആയ ബിബിൻ ബെന്നി, റോയ്സ് കെ. റെജി, തുടങ്ങിയവർ പ്രസംഗിച്ചു.
സ്കൂൾ അധ്യാപിക ബോണി.സി.മാത്യു, എൻ.എസ്.എസ് വോളന്റിയേഴ്‌സ് ആയ അനന്ദു കൃഷ്ണൻ, ഷാരോൺ ബിനോ, ദേവൻ, നിത്യ ആർ. ഗോവിന്ദ് തുടങ്ങിയവർ പരിപാടികൾക്ക് നേതൃത്വം നൽകി.