വില കുതിച്ചുയരുന്നു; പൈനാപ്പിള്‍ കര്‍ഷകര്‍ക്ക് സുവര്‍ണകാലം
ആത്മഹത്യയുടെ വക്കിലെത്തിയിരുന്ന കർഷകർക്ക് ആശ്വാസമായി വിപണിയില്‍ പൈനാപ്പിള്‍ വില കുതിച്ചുയരുന്നു.
ഒരു വർഷംമുൻപുകിലോക്ക് 25 രൂപയിലേക്കു കൂപ്പുകുത്തിയ പൈനാപ്പിള്‍ വില ഇപ്പോള്‍ കുതിച്ചുയർന്ന് കിലോയ്ക്ക് 70 രൂപ മുതല്‍ 80 രൂപ വരെയായി.
പച്ചയ്ക്ക് 57 രൂപയും സ്പെഷല്‍ ഗ്രേഡ് പച്ചയ്ക്ക് 60 രൂപയുമാണ് മാർക്കറ്റ് വില. ഏതാനും വർഷങ്ങള്‍ക്കു ശേഷമാണു ഇത്രയും ഉയർന്ന വില ലഭിക്കുന്നത്. കേരളത്തില്‍ ആവശ്യക്കാർ കൂടിയതും ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിലേക്ക് കൂടുതല്‍ കയറ്റിവിടുന്നതുമാണ് വില ഉയരാൻ കാരണം. വഴിയോര കച്ചവടത്തിലും ഇപ്പോള്‍ പൈനാപ്പിളിന് ഡിമാൻഡാണ്. വേനല്‍ച്ചൂട് കൂടിയതും മഴ പെയ്യാത്തതും വില കൂടാനിടയായിട്ടുണ്ട്.
മഹാരാഷ്‌ട്ര, ആന്ധ്ര തുടങ്ങിയ സംസ്ഥാനങ്ങളില്‍ പൈനാപ്പിളിന് ആവശ്യക്കാരേറെയാണ്. ദിവസം 100ലോഡ് പൈനാപ്പിള്‍ വീതം കയറ്റിവിടുന്നതായി വ്യാപാരികള്‍ പറയുന്നു. ഇടുക്കിയില്‍ വരിക്കമുത്തൻ, വെണ്‍മണി, വണ്ണപ്പുറം, കാളിയാർ തുടങ്ങിയ പ്രദേശങ്ങളില്‍ വ്യാപകമായി കൃഷി ചെയ്യുന്നുണ്ട്. പൈനാപ്പിള്‍ കൃഷിയെ ആശ്രയിച്ച് ജീവിക്കുന്ന നിരവധി കുടുംബങ്ങളുണ്ട്.