ബൂത്തിലെത്തി താരങ്ങളും; ഫഹദ്, ടൊവിനോ, അന്നാ രാജൻ ഉൾപ്പെടെ വോട്ടവകാശം വിനിയോഗിച്ചു


ഷൂട്ടിംഗ് തിരക്കുകൾക്കിടയിലും അതത് മണ്ഡലത്തിലെത്തി സമ്മതിദാനാവകാശം വിനിയോഗിച്ച് മലയാള സിനിമാ താരങ്ങൾ. ഫാസിൽ, ലാൽ ജോസ്, ഫഹദ് ഫാസിൽ, ടൊവിനോ തോമസ്, ഇന്ദ്രൻസ്, ശ്രീനിവാസൻ, അന്നാ രാജൻ, അഹാന കൃഷ്ണ, ആസിഫ് അലി, അഷ്‌കർ അലി തുടങ്ങിയവർ വോട്ട് രേഖപ്പെടുത്താനെത്തി. ആലപ്പുഴ സെന്റ് സെബാസ്റ്റ്യൻസ് എൽപി സ്‌കൂളിലാണ് ഫാസിലും ഫഹദ് ഫാസിലും വോട്ട് രേഖപ്പെടുത്താനായി എത്തിയത്. ഉദയംപേരൂർ കണ്ടനാട് സെന്റ് മേരീസ് ഹൈസ്‌കൂളിലെത്തിയാണ് ശ്രീനിവാസൻ വോട്ട് രേഖപ്പെടുത്തിയത്. തൊടുപുഴ കമ്പംകല്ല് എൽപി സ്‌കൂളിലെത്തിയാണ് നടൻ ആസിഫ് അലിയും അഷ്‌കർ അലിയും വോട്ട് രേഖപ്പെടുത്തിയത്. മികച്ച രാഷ്ട്രീയ അവസ്ഥ രാജ്യത്ത് ഉണ്ടാകണമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും ജനത്തിന് നല്ലത് വരുന്ന, ജനാധിപത്യത്തിന് നല്ലത് വരുന്ന വിജയമാണ് പ്രതീക്ഷിക്കുന്നതെന്നും ആസിഫ് അലി പ്രതികരിച്ചു.
രാജ്യത്തിന്റെ വികസനത്തിന് വേണ്ടിയാണ് വോട്ട് ചെയ്തതെന്ന് കുഞ്ചാക്കോ ബോബൻ പറഞ്ഞു. നീണ്ട നാളുകൾക്ക് ശേഷമാണ് ആലപ്പുഴയിലെത്തി വോട്ട് രേഖപ്പെടുത്തിയതെന്നും കുഞ്ചാക്കോ ബോബൻ മാധ്യമങ്ങളോട് പറഞ്ഞു.ശ്രീലങ്കയിൽ നിന്നാണ് അന്നാ രാജൻ വോട്ട് ചെയ്യാനായി എത്തിയത്.