സൊമാറ്റോ വഴി ഓൺലൈൻ ഫുഡ് ഓർഡറുകൾക്ക് വില കൂട്ടി: നിരക്ക് വർധന ഇങ്ങനെ


തങ്ങളുടെ പ്ലാറ്റ്ഫോം വഴി ഭക്ഷണം ഓർഡർ ചെയ്യുന്ന ഉപഭോക്താക്കളിൽ നിന്ന് സൊമാറ്റോ ഈടാക്കിയിരുന്ന പ്ലാറ്റ്ഫോം ഫീ ഉയർത്തി. കമ്പനിയുടെ മൊബൈൽ ആപ്പിൽ നിന്നാണ് ഈ വിവരം ലഭ്യമാകുന്നത്. പ്ലാറ്റ്ഫോം ഫീ 5 രൂപയായാണ് വർധിപ്പിച്ചത്. എന്നാൽ ഇതേക്കുറിച്ച് ഇതുവരെ സൊമാറ്റോ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ലെന്ന് ടൈംസ് ഓഫ് ഇന്ത്യ റിപ്പോർട്ട് ചെയ്യുന്നു.
ഓൺലൈൻ വഴി ഷോപ്പിംഗ് നടത്തുന്നതും അതിന് ഡെലിവറിക്ക് പണം അധികം നൽകാനും ഉപഭോക്താക്കൾ തയ്യാറാകുന്ന സാഹചര്യത്തെ വൻകിട കമ്പനികൾ മുതലെടുക്കുന്നതാണ് ഇത്തരം നിരക്ക് വർദ്ധനക്കൾക്ക് സാഹചര്യം ഒരുക്കുന്നതെന്ന് സമൂഹ മാധ്യമങ്ങളിൽ വിമർശനം ഉയർന്നിട്ടുണ്ട്. ഇതിലൂടെ ഒരു ഓർഡറിൽ നിന്ന് സൊമാറ്റോ കമ്പനിക്ക് ലഭിക്കുന്ന വരുമാനം കുത്തനെ ഉയരുമെന്നാണ് വിലയിരുത്തൽ.
ഉപഭോക്താക്കളിൽ നിന്ന് സൊമാറ്റോ പ്ലാറ്റ്ഫോം ഫീ ഈടാക്കാൻ തുടങ്ങിയിട്ട് അധിക കാലമായിട്ടില്ല. 2023 ഓഗസ്റ്റ് മാസത്തിലാണ് ആദ്യമായി സൊമാറ്റോ പ്ലാറ്റ്ഫോം ഫീ ഈടാക്കിയത്. അന്ന് ഒരു ഓർഡറിന് രണ്ട് രൂപയായിരുന്നു പ്ലാറ്റ്ഫോം ഫീ. ഇതാണ് ഇപ്പോൾ അഞ്ച് രൂപയാക്കി വർദ്ധിപ്പിച്ചിരിക്കുന്നത്. സൊമാറ്റോയുടെ വിപണിയിലെ മുൻനിര എതിരാളിയായ സ്വിഗിയും പ്ലാറ്റ്ഫോം ഫീ ഈടാക്കുന്നുണ്ട്. അഞ്ചു രൂപയാണ് സ്വിഗി വഴി ഓൺലൈനായി ഭക്ഷണം ഓർഡർ ചെയ്യുന്നവർ നൽകേണ്ടത്.