എക്സാലോജിക് സിഎംആർഎൽ ഇടപാട്; ശശിധരൻ കർത്തയ്ക്ക് വീണ്ടും ഇഡി നോട്ടീസ്
കൊച്ചി: എക്സാലോജിക് സിഎംആർഎൽ ഇടപാടുമായി ബന്ധപ്പെട്ട് സിഎംആർഎൽ എംഡി സി എൻ ശശിധരൻ കർത്തയ്ക്ക് വീണ്ടും ഇഡി നോട്ടീസ്. ഇന്ന് 10.30ന് ഹാജരാകാനായിരുന്നു നിർദേശം. ഇന്നലെ രാത്രിയാണ് ഇഡി സമൻസ് അയച്ചത്. തിങ്കളാഴ്ച ഹാജരാകാതിരുന്നതിനെ തുടർന്നായിരുന്നു ഇഡി വീണ്ടും സമൻസയച്ചത്. ആരോഗ്യപ്രശ്നങ്ങളടക്കമുള്ള കാരണങ്ങൾ പറഞ്ഞാണ് സി എൻ ശശിധരൻ കർത്ത ചോദ്യം ചെയ്യലിന് ഹാജരാകാതിരുന്നത്.
സിഎംആര്‍എല്‍ മാസപ്പടി കേസില്‍ തിങ്കളാഴ്ച ഹാജരാകണമെന്ന് ആവശ്യപ്പെട്ടായിരുന്നു ഇഡി സിഎംആര്‍എല്‍ എംഡിക്ക് നേരത്തെ നോട്ടീസ് നല്‍കിയിരുന്നത്. ഇതിനെതിരെ ഹൈക്കോടതിയെ സമീപിച്ച ശശിധരന്‍ കര്‍ത്തയ്ക്ക് തിരിച്ചടി ലഭിച്ചിരുന്നു. എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ട്രേറ്റിന്റെ അന്വേഷണത്തില്‍ ഇടപെടാനാകില്ലെന്നായിരുന്നു ഹൈക്കോടതി നിലപാട്. ഇ ഡി സമന്‍സ് ചോദ്യം ചെയ്ത് സിഎംആര്‍എല്‍ എംഡി ശശിധരന്‍ കര്‍ത്ത നല്‍കിയ ഹര്‍ജി പരിഗണിച്ചപ്പോഴായിരുന്നു ഹൈക്കോടതി നിലപാട് അറിയിച്ചത്. കേസില്‍ എസ്എഫ്‌ഐഒ അന്വേഷണം നടക്കുന്ന ഈ ഘട്ടത്തില്‍ ഇ ഡി അന്വേഷണം നിലനില്‍ക്കില്ലെന്നായിരുന്നു കര്‍ത്തയുടെ വാദം.
ഇതിനിടെ സിഎംആര്‍എല്‍ മാസപ്പടി വിവാദത്തില്‍ സിഎംആർഎൽ ജീവനക്കാരുടെ ചോദ്യം ചെയ്യൽ രണ്ടാം ദിവസവും തുടരുകയാണ്. തിങ്കളാഴ്ച രാത്രി മുഴുവനും ഇവരെ ഇഡി ചോദ്യം ചെയ്തുവെന്നാണ് റിപ്പോർട്ട്. തിങ്കളാഴ്ച രാവിലെയാണ് മൂന്ന് സിഎംആർഎൽ പ്രതിനിധികൾ ഇഡിയ്ക്ക് മുന്നിൽ ഹാജരായത്. സിഎംആര്‍എല്‍ ചീഫ് ഫിനാൻസ് ഓഫീസർ, ഐടി മാനേജർ, സീനിയർ ഐടി ഓഫീസർ എന്നിവരാണ് ചോദ്യം ചെയ്യലിന് ഹാജരായത്.
സിഎംആർഎല്ലും എക്സാലോജിക് കമ്പനിയും തമ്മിലുള്ള സാമ്പത്തിക ഇടപാടുകളാണ് ഇഡി പരിശോധിക്കുന്നത്. എക്സാലോജിക്കിന് സിഎംആർഎല്ലിൽ നിന്ന് 1.72 കോടി ലഭിച്ചു എന്ന കണ്ടെത്തലായിരുന്നു കേസിന്റെ ആധാരം. ഐടി സേവനങ്ങളുടെ പ്രതിഫലം എന്ന നിലയിലാണ് ഈ പണം നല്‍കിയത് എന്നാണു വാദം. എന്നാൽ ഇല്ലാത്ത സേവനത്തിന്റെ പേരിലാണ് പണം നൽകിയത് എന്ന പരാതികളെ തുടർന്ന് കേന്ദ്ര കോർപറേറ്റ് മന്ത്രാലയത്തിന്റെ സീരിയസ് ഫ്രോഡ് ഇൻവെസ്റ്റിഗേഷൻ ഓഫിസ് അന്വേഷണം ആരംഭിച്ചു. ഇതിനു പിന്നാലെയാണ് ഇഡിയും കേസിൽ അന്വേഷണം ആരംഭിച്ചത്. സിഎംആർഎല്ലിൽ നിന്നും ശേഖരിക്കുന്ന വിവരങ്ങളുടെ അടിസ്ഥാനത്തിലാവും ഈ കേസുമായി ബന്ധപ്പെട്ട മറ്റുള്ളവരെ ഇഡി ചോദ്യം ചെയ്യുക. മുഖ്യമന്ത്രിയുടെ മകൾ അടക്കമുളളവരെക്കൂടി വിളിച്ചുവരുത്താനുളള നീക്കത്തിലാണ് കേന്ദ്ര അന്വേഷണ ഏജൻസി.