വോട്ട് വെറുതെ കളയല്ലേയെന്ന് പ്രവാസികളോട് തെരഞ്ഞെടുപ്പ് കമ്മീഷൻ; പ്രവാസി വോട്ടിന് ചെയ്യേണ്ടത്, അറിയേണ്ടതെല്ലാം
ലോക്‌സഭാ തെരഞ്ഞെടുപ്പിൽ പരമാവധി വോട്ടർമാരുടെ പങ്കാളിത്തം ഉറപ്പാക്കാനുള്ള ശ്രമങ്ങളുമായി മുന്നോട്ട് പോവുകയാണ് തെരഞ്ഞെടുപ്പ് കമ്മീഷൻ. വിദേശത്തുള്ള ഇന്ത്യൻ പൗരന്മാരുടെ അടക്കം വോട്ടുറപ്പിക്കാനാണ് ശ്രമം. പ്രവാസി വോട്ടർമാരോട് തെരഞ്ഞെടുപ്പിൽ പങ്കാളികളാകാൻ കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ ആവശ്യപ്പെട്ടിട്ടുമുണ്ട്. ഏപ്രിൽ 19 ന് ആരംഭിക്കുന്ന വോട്ടെടുപ്പ് ഏഴ് ഘട്ടങ്ങൾ പിന്നിട്ട് ജൂൺ നാലിനാണ് ഫലപ്രഖ്യാപനം. പ്രവാസി വോട്ടർമാർ തെരഞ്ഞെടുപ്പിൽ വോട്ട് രേഖപ്പെടുത്താൻ ചെയ്യേണ്ടത് എന്തൊക്കെ എന്നറിയാം.
ആരാണ് പ്രവാസി വോട്ടർ?
ഇന്ത്യക്ക് പുറത്ത് ഏത് വിദേശരാജ്യത്തും ജോലിക്കോ വിദ്യാഭ്യാസത്തിനോ വേണ്ടി പോയ, ഇന്ത്യൻ പൗരത്വം ഉപേക്ഷിക്കുകയോ മറ്റ് രാജ്യങ്ങളുടെ പൗരത്വം സ്വീകരിക്കുകയോ ചെയ്തിട്ടില്ലാത്ത ഇന്ത്യാക്കാരെയാണ് പ്രവാസി വോട്ടർമാരായി കണക്കാക്കുന്നത്. ഇവരിൽ 18 വയസ് പിന്നിട്ട് പ്രായപൂർത്തി വോട്ടവകാശം നേടിയവർക്കാണ് തെരഞ്ഞെടുപ്പിൽ പങ്കെടുക്കാൻ സാധിക്കുക. പ്രവാസി വോട്ടർക്ക് വോട്ട് രേഖപ്പെടുത്താൻ ചെയ്യേണ്ട നടപടിക്രമങ്ങൾ ഇങ്ങനെയാണ്.
പ്രവാസി വോട്ടിന് ചെയ്യേണ്ടത് എന്തൊക്കെ?
1. https//voterportal.eci.gov.in/ എന്ന തെരഞ്ഞെടുപ്പ് കമ്മീഷൻ്റെ വെബ്സൈറ്റിൽ നിന്നും ഫോം 6A ഓൺലൈനായി പൂരിപ്പിച്ച് ആധികാരിക രേഖകൾ കൂടി ചേർത്ത് വെബ്സൈറ്റിൽ തന്നെ അപ്‌ലോഡ് ചെയ്യുക.
2. ബൂത്ത് ലെവൽ ഉദ്യോഗസ്ഥർ അപേക്ഷയിലെ വിലാസവും പാസ്പോർട്ട് രേഖകളും മറ്റ് അനുബന്ധ രേഖകളും പരിശോധിക്കും.
3. അപേക്ഷയിൽ പ്രവാസി വോട്ടർക്ക് തിരുത്തൽ വരുത്തണമെങ്കിൽ അതിനായി വെബ്സൈറ്റിലെ ഫോം 8 ഉപയോഗിക്കാവുന്നതാണ്.
4. പോളിങ് സ്റ്റേഷനിൽ യഥാർത്ഥ പാസ്പോർട്ടുമായി വന്ന് പ്രവാസി വോട്ടർക്ക് വോട്ട് രേഖപ്പെടുത്താവുന്നതാണ്.