തൊടുപുഴ മണ്ഡലത്തില്‍ വോട്ട് അഭ്യര്‍ത്ഥിച്ച് എല്‍ ഡി എഫ് സ്ഥാനാര്‍ഥി ജോയ്സ് ജോര്‍ജ്ജ്
തൊടുപുഴ :തൊടുപുഴ മണ്ഡലത്തിലെ വിവിധ സ്ഥലങ്ങളില്‍ വോട്ട് അഭ്യര്‍ത്ഥച്ച് എല്‍ ഡി എഫ് സ്ഥാനാര്‍ഥി ജോയ്സ് ജോര്‍ജ്. രാവിലെ കൊടികുത്തിയില്‍ വര്‍ക്ക്ഷോപ്പ് തൊഴിലാളികളെ കണ്ട് വോട്ട് അഭ്യര്‍ത്ഥിച്ചു. പിന്നീട് മുട്ടം ജില്ലാ കോടതിയില്‍ എത്തി അഭിഭാഷകരെ കണ്ടു. പഴയകാല സഹപ്രവര്‍ത്തകരെ കണ്ട് വോട്ട് അഭ്യര്‍ത്ഥിച്ച ജോയ്സ് ജോര്‍ജ്ജ് അവര്‍ക്കൊപ്പം ചായകുടിച്ചാണ് പിരിഞ്ഞത്. ജോയ്സ് ജോര്‍ജ്ജ് നാടിനായി ചെയ്ത കാര്യങ്ങള്‍ ബോധ്യപ്പെടുന്ന വ്യത്യസ്ത രാഷ്ട്രീയ വിശ്വാസങ്ങളിലുള്ളവരും ഇത്തവണത്തെ വോട്ട് നല്‍കുമെന്ന് അഭിഭാഷക സുഹൃത്തുക്കള്‍ പറഞ്ഞു. പിന്നീട് സേവിയേഴ്സ് ചാരിറ്റബിള്‍ ട്രസ്റ്റിലെ അന്തേവാസികളെ സന്ദര്‍ശിച്ചു. തുടര്‍ന്ന് തൊടുപുഴയിലെ വിവിധ സ്ഥാപനങ്ങളിലെ ജീവനക്കാരെ കണ്ട് വോട്ട് അഭ്യര്‍ത്ഥിച്ചു. തൊടുപുഴ മിനി സിവില്‍ സ്റ്റേഷനിലെ ജീവനക്കാരെ കണ്ട് വോട്ടഭ്യര്‍ത്ഥിച്ചു. രാജ്യത്തെ ജനാധിപത്യവും മതേതരത്വവും സംരക്ഷിക്കാന്‍ പാര്‍ലമെന്‍റില്‍ ഇടതുപക്ഷ കൂട്ടായ്മ ഉണ്ടാവേണ്ടത് അത്യാവശ്യമാണെന്നും അതിന് ശക്തിപകരാന്‍ എല്‍ ഡി എഫിന് വോട്ട് ചെയ്യണമെന്നും സ്ഥാനാര്‍ത്ഥി പറഞ്ഞു. ഉച്ചയ്ക്ക് ശേഷം ഗ്രാമീണ മേഖലയായ മുള്ളരിക്കുടിയിലും പട്ടയക്കുടിയിലും എത്തി വോട്ട് അഭ്യര്‍ത്ഥിച്ചു. സ്ഥാനാര്‍ഥിക്ക് ഉജ്വലമായ സ്വീകരണമാണ് പട്ടയക്കുടി നിവാസികള്‍ നല്‍കിയത്. പട്ടയക്കുടിയില്‍ നിന്നും ആരംഭിച്ച ബൈക്ക് റാലി മുള്ളരിങ്ങാട് അവസാനിച്ചു. മുള്ളരിങ്ങാട് നിറപ്പകിട്ടാര്‍ന്ന സ്വീകരണ ചടങ്ങില്‍ കൊന്നപ്പൂക്കള്‍ നല്‍കിയും ഷാളണിയിച്ചും സ്ഥാനാര്‍ത്ഥിയെ വരവേറ്റു.
ചിത്രം (1): മുട്ടം കോടതിയിലെ അഭിഭാഷകരോടൊപ്പം ചായകുടിച്ചും വര്‍ത്തമാനം പറഞ്ഞും എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി അഡ്വ. ജോയ്സ് ജോര്‍ജ്ജ്
ചിത്രം (2): മുട്ടം കോടതിയിലെ അഭിഭാഷകരോട് സൗഹൃദം പുതുക്കുന്ന എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി അഡ്വ. ജോയ്സ് ജോര്‍ജ്ജ്
ജോയ്സ് ജോര്‍ജ്ജ് ഇന്ന് മാമലക്കണ്ടത്ത്
ചെറുതോണി: പാര്‍ലമെന്‍റംഗമായിരുന്ന കാലഘട്ടത്തില്‍ ഏറ്റവും കൂടുതല്‍ വൈകാരികമായി ഇടപെട്ട റോഡ് നിര്‍മ്മാണവും നിരാഹാര സമരവും നടന്ന മാമലക്കണ്ടത്ത് എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി അഡ്വ. ജോയ്സ് ജോര്‍ജ്ജ് ഇന്ന് വോട്ട് അഭ്യര്‍ത്ഥിച്ച് എത്തു. മാമലക്കണ്ടത്തു നിന്നും കുറത്തിക്കുടിയിലേക്കുള്ള മലയോര ഹൈവേയുടെ ഭാഗമായ റോഡ് നിര്‍മ്മാണം വനംവകുപ്പ് ഉദ്യോഗസ്ഥര്‍ തടഞ്ഞതിനെതിരെ 6 ദിവസം നീണ്ട നിരാഹാരം എംപിയായിരിക്കെ ജോയ്സ് ജോര്‍ജ്ജ് നടത്തുകയുണ്ടായി. ആദിവാസിക്കുടിയിലേക്കുള്ള റോഡ് നിര്‍മ്മാണത്തിന്‍റെ ഭാഗമായി പണിത കലുങ്കുകള്‍ രാത്രിയുടെ മറവില്‍ വനം വകുപ്പ് ഉദ്യോഗസ്ഥര്‍ സ്ഫോടക വസ്തുക്കള്‍ വെച്ച് തകര്‍ത്തിരുന്നു. ഇതില്‍ പ്രതിഷേധിച്ച് നേര്യമംഗലം ഫോറസ്റ്റ് ഓഫീസിലെത്തിയ ജോയ്സ് ജോര്‍ജ്ജ് ഡിഎഫ്ഒ യെ കാണുകയും നടപടിയെടുക്കാത്തതില്‍ പ്രതിഷേധിച്ച് നിരാഹാരം ആരംഭിക്കുകയും ചെയ്തു. അന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറിയായിരുന്ന പിണറായി വിജയന്‍ സമരപ്പന്തലിലെത്തി നാരങ്ങനീര് നല്‍കിയാണ് നിരാഹാരം അവസാനിപ്പിച്ചത്. എല്‍ഡിഎഫ് സര്‍ക്കാര്‍ അധികാരത്തില്‍ വന്നാല്‍ റോഡ് യാഥാര്‍ത്ഥ്യമാക്കുമെന്ന് പിണറായി വിജയന്‍ സമരപ്പന്തലില്‍ പ്രഖ്യാപിച്ചു. 2016 ല്‍ അധികാരത്തില്‍ വന്ന പിണറായി സര്‍ക്കാര്‍ വനം വകുപ്പ് തടഞ്ഞ അതേ സ്ഥലത്തുകൂടി മാമലക്കണ്ടത്തു കൂടി അഞ്ചുകുടി മുതല്‍ ആറാംമൈല്‍ വരെ റോഡ് നിര്‍മ്മിച്ചു. ആദിവാസി മേഖലയായ മാമലക്കണ്ടത്തെ ഹൈസ്കൂളിന് ആദ്യമായി എംപി ഫണ്ടില്‍ നിന്നും ബസ്സും കമ്പ്യൂട്ടറും അനുവദിച്ചിരുന്നു. മാമലക്കണ്ടം ജനത നിരാഹാര സമരത്തിന് ശേഷം എത്തിയ ജോയ്സ് ജോര്‍ജ്ജിന് വമ്പിച്ച ജനകീയ സ്വീകരണം ഒരുക്കിയിരുന്നു. മാമലക്കണ്ടത്തിന് ശേഷം കവളങ്ങാട്, പിണ്ടിമന, തൃക്കാരിയൂര്‍, കോതമംഗലം മുനിസിപ്പാലിറ്റി എന്നിവിടങ്ങളില്‍ സംഘടിപ്പിച്ചിട്ടുള്ള നാട്ടുകൂട്ട ചര്‍ച്ചയിലും ജോയ്സ് ജോര്‍ജ്ജ് പങ്കെടുക്കും.