‘കലാ-സാംസ്കാരിക രംഗത്തിന് ശാപമായ വാക്കുകൾ’; നിയമനടപടി സ്വീകരിക്കുമെന്ന് ആർഎൽവി രാമകൃഷ്ണൻ


തൃശ്ശൂർ: ജാതി അധിക്ഷേപത്തിൽ പ്രതികരിച്ച് ഡോ ആർഎൽവി രാമകൃഷ്ണൻ. കലാമണ്ഡലം സത്യഭാമയുടെ പരാമർശങ്ങൾ ഇന്നത്തെ സമൂഹത്തിന് തെറ്റായ സന്ദേശമാണ് നൽകുന്നത്. കലാ-സാംസ്കാരിക രംഗത്തിന് ശാപമാണ് ഇവരുടെ ഈ വാക്കുകൾ എന്നും ഈ പരാമർശത്തിനെതിരെ നിയമനടപടികളുമായി മുന്നോട്ട് പോകുമെന്നും ആർഎൽവി രാമകൃഷ്ണൻ പ്രതികരിച്ചു.
കലാമണ്ഡലത്തിൽ പഠിക്കുന്ന സമയത്ത് ഇവരുമായുള്ള പ്രശ്നങ്ങൾ മൂലം തനിക്ക് ഒരു കേസ് കൊടുക്കേണ്ടി വന്നിട്ടുണ്ട്. ഇപ്പോൾ ഒരു കാര്യവുമില്ലാതെയാണ് തന്റെ പേര് പറയാതെ ചാലക്കുടിക്കാരൻ എന്ന് പറഞ്ഞ് പരാമര്‍ശിച്ചത്. സംഗീത-നാടക അക്കാദമിയുടെ വിഷയം ചൂണ്ടിക്കാട്ടിയും തനിക്കെതിരെ കേസ് കൊടുത്ത വ്യക്തി എന്ന് സൂചിപ്പിച്ചും വ്യക്തമായ പരാമർശങ്ങളോടെ ഇത് അവതരിപ്പിച്ചത്. കാക്കയെപോലെ കറുത്തവൻ, മോഹനിയാട്ടത്തിന് വേണ്ടുന്ന സൗന്ദര്യമില്ലാത്തവൻ എന്നൊക്കെ പറയുമ്പോൾ ഇന്നത്തെ സമൂഹത്തിന് തെറ്റായ സന്ദേശമാണ് നൽകുന്നത്. കലാലോകത്തിന് എന്തുമാത്രം മോശമായ സന്ദേശമാണ് ഇവർ നൽകുന്നത്. ഇപ്പോൾ വീട്ടമ്മമാർ പോലും തങ്ങളുടെ തടസ്സങ്ങൾ മാറ്റിവെച്ചിട്ട് നൃത്തം പഠിക്കാൻ വരുന്ന സാഹചര്യത്തിലാണ് ഈ പരാമർശം നടത്തിയത്. ഇതിനെതിരെ നിയമനടപടികളുമായി മുന്നോട്ട് പോകും. കലാ-സാംസ്കാരിക രംഗത്തിന് ശാപമാണ് ഇവരുടെ ഈ വാക്കുകൾ എന്നും ആർഎൽവി രാമകൃഷ്ണൻ റിപ്പോര്‍ട്ടറിനോട് പ്രതികരിച്ചു.
ഒരു യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിലാണ് കലാമണ്ഡലം സത്യഭാമ ഡോ ആർഎൽവി രാമകൃഷ്ണനെതിരെ ജാതി അധിക്ഷേപം നടത്തിയത്. മോഹിനിയായിരിക്കണം എപ്പോഴും മോഹിനിയാട്ടം കളിക്കുന്ന വ്യക്തികൾ. സൗന്ദര്യമുള്ള പുരുഷന്മാർ ആണ് മോഹിനിയാട്ടം കളിക്കേണ്ടത്. ആർഎൽവി രാമകൃഷ്ണന് കാക്കയുടെ നിറമാണ്. അദ്ദേഹത്തെ മോഹനിയാട്ടത്തിന് കൊള്ളില്ലെന്നും കലാമണ്ഡലം സത്യഭാമ പറഞ്ഞിരുന്നു.
സംഭവത്തിൽ കല-സാംസ്‌കാരിക-രാഷ്ട്രീയ മേഖലകളിൽ നിന്ന് നിരവധിപ്പേർ ആർഎൽവി രാമകൃഷ്ണന് പിന്തുണ അറിയിച്ചിട്ടുണ്ട്. ‘പ്രിയപ്പെട്ട അനിയാ, പുഴുക്കുത്ത് പിടിച്ച മനസ്സുകളുള്ളവർ എന്തും പറയട്ടെ, നിങ്ങൾ മോഹിനിയാട്ടത്തിന്റെ ചരിത്രം തിരുത്തിയെഴുതിയ പ്രതിഭാധനൻ ആയ കലാകാരനാണ്,’ എന്ന് മന്ത്രി ആർ ബിന്ദു പ്രതികരിച്ചു.