വാഗമണ്‍ കുരിശുമലയില്‍ 40-ാം വെള്ളി, ദുഃഖവെള്ളി ആചരണവും, പുതുഞായര്‍ തിരുനാളും. ഒരുക്കങ്ങൾ പൂർത്തിയായി
വാഗമണ്‍ കുരിശുമലയില്‍ 22ന് നാല്‍പ്പതാം വെള്ളി ആചരണവും 29ന് ദുഃഖവെള്ളി ആചരണവും ഏപ്രില്‍ 7ന് പുതുഞായര്‍ തിരുനാളും നടക്കും.
22 ന് രാവിലെ 9ന് പാലാ രൂപതയിലെ അടിവാരം, വെള്ളികുളം ഇടവകകളുടെ നേത്യത്വത്തില്‍ കുരിശിന്റെ വഴിയും തുടര്‍ന്ന് മലമുകളില്‍ ആഘോഷമായ വിശുദ്ധ കുര്‍ബാനയും വചനസന്ദേശവും തുടര്‍ന്ന് നേര്‍ച്ചക്കഞ്ഞി വിതരണവും നടക്കും.
പാലാ രൂപത പ്രോട്ടോസിഞ്ചെല്ലൂസ് ഫാദർ ജോസഫ് തടത്തില്‍ മുഖ്യകാര്‍മികത്വം വഹിക്കും.
29ന് ദുഃഖവെള്ളി ദിനത്തില്‍ 1200 കിലോ അരിയുടെ നേര്‍ച്ചക്കഞ്ഞി വിതരണം ചെയ്യും.
വാഗമണ്‍ കുരിശുമലമുകളില്‍ രാവിലെ 6.30 മുതല്‍ നേര്‍ച്ചക്കഞ്ഞി വിതരണം ആരംഭിക്കും. ദുഃഖവെള്ളി തിരുകര്‍മങ്ങള്‍ 7.30ന് മലയടിവാരത്തെ പള്ളിയില്‍ ആരംഭിക്കും.
തുടര്‍ന്ന് 9ന് ആഘോഷമായ കുരിശിന്റെ വഴി. പാലാ രൂപതാ വികാരി ജനറല്‍ ഫാദർ സെബാസ്റ്റ്യന്‍ വേത്താനത്ത് നേത്യത്വം നല്‍കും.
മലമുകളിലെ ദേവാലയത്തില്‍ പീഡാനുഭവ സന്ദേശവും സമാപന ശ്രുശ്രൂഷയും നടക്കും. ഏപ്രില്‍ 5ന് പുതുഞായര്‍ തിരുനാളിന് കൊടിയേറും,
7ന് മലമുകളിലെ ദേവാലയത്തില്‍ രാവിലെ 6.30 മുതല്‍ വൈകിട്ട് 4വരെ വി. കുര്‍ബാന നടക്കും. മലയടിവാരത്തെ ദേവാലയത്തില്‍ രാവിലെ 10ന് പാലാ രൂപത മെത്രാന്‍ മാര്‍ ജോസഫ് കല്ലറങ്ങാട്ടിന്റെ കാര്‍മികത്വത്തില്‍ ആഘോഷമായ വിശുദ്ധ കുര്‍ബാന നടക്കും.
വാഗമണ്‍ കുരിശുമലയില്‍ ദുഃഖവെള്ളി, പുതുഞായര്‍ ദിനങ്ങളില്‍ എത്തുന്നവര്‍ക്കായി വിപുലമായ പാര്‍ക്കിങ് സൗകര്യം ക്രമീകരിച്ചിട്ടുണ്ട്.
നിലവിലുള്ള പാര്‍ക്കിങ് ഗ്രൗണ്ടിന് പുറമെ 5 സ്ഥലങ്ങള്‍ ക്രമീകരിച്ചിട്ടുണ്ട്.
തിരക്ക് ഒഴിവാക്കാന്‍ വാഹനങ്ങള്‍ കുരിശുമല – കൂപ്പ് കോലാഹലമേട് വഴി തിരിച്ചുവിടും.
ദുഃഖവെള്ളി ദിനത്തില്‍ രാവിലെ ആറുമുതല്‍ വഴിക്കടവ്- കുരിശുമല റോഡില്‍ വലിയ വാഹനങ്ങള്‍ കടത്തിവിടില്ല.
അന്നേ ദിവസം ബസുകളില്‍ എത്തുന്ന തീര്‍ഥാടകര്‍ വഴിക്കടവില്‍നിന്ന് കാല്‍നടയായോ ചെറുവാഹനങ്ങളിലോ എത്തണം.
വാഗമണ്‍ പൊലീസിന്റെയും വാഗമണ്‍ സെന്റ് സെബാസ്റ്റ്യന്‍സ് പള്ളി, വാഗമണ്‍ സെന്റ് ആന്റണീസ് പള്ളി, വെള്ളികുളം സെന്റ് ആന്റണീസ് പള്ളി എന്നിവിടങ്ങളിലെ സന്നദ്ധ സംഘടനാപ്രവര്‍ത്തകരുടെയും സേവനം ലഭ്യമാക്കും.
കട്ടപ്പന, ഈരാറ്റുപേട്ട, പാലാ, മൂലമറ്റം ഡിപ്പോകളില്‍ നിന്ന് കെഎസ്ആര്‍ടിസി പ്രത്യേക സര്‍വീസ് ഈ ദിവസങ്ങളില്‍ നടത്തും.
40-ാംവെള്ളി മുതല്‍ പുതുഞായര്‍ വരെ രാത്രികാലങ്ങളില്‍ കുരിശുമല കയറുന്നതിന് സൗകര്യം ഉണ്ടായിരിക്കും.
വാര്‍ത്താസമ്മേളനത്തില്‍ ഫാദർ ആന്റണി വാഴയില്‍, സജി മംഗലത്ത്, സുനില്‍ താവുങ്കാട്ടില്‍, ജോയിസ് കൊച്ചുമഠത്തില്‍, എബിന്‍ മഞ്ചേരിക്കളം എന്നിവര്‍ പങ്കെടുത്തു.