Letterhead top
previous arrow
next arrow
Idukki വാര്‍ത്തകള്‍കേരള ന്യൂസ്പ്രധാന വാര്‍ത്തകള്‍പ്രാദേശിക വാർത്തകൾ

പാടിക്കൊണ്ടിരിക്കെ യേശുദാസിൽ നിന്നോ, ചിത്രയിൽ നിന്നോ മൈക്ക് പിടിച്ച് വാങ്ങുമോ ?



മമ്മൂട്ടിയുടെ മകളുടെ മൈലാഞ്ചി കല്യാണ ദിവസം. രാത്രി നടന്മാരും സംവിധായകരും ഗായകരും അവിടെ ഒത്തുകൂടി. കല്യാണ വിവരം അറിഞ്ഞെത്തിയ ഒരു കുടിയൻ പന്തലിൽ വലിഞ്ഞുകയറി. മദ്യപിച്ചു ലക്കുക്കെട്ട് അയാൾ ഒരു പാട്ടുപാടി. ലജ്ജാവതിയെ എന്ന പാട്ടാണത്. പാട്ടുകേട്ട് ആളുകൾ നിശബ്‌ദരായി. ഗാനം അവസാനിച്ചപ്പോൾ എല്ലാവരും കയ്യടിച്ചു. പന്തലിൽ ഉണ്ടായിരുന്ന ഒരു സംവിധാകന്റെ അടുത്ത സിനിമയിൽ ആ ഗാനം പാടാൻ കുടിയന് അവസരം കിട്ടി. അയാളുടെ പേരാണ് ജാസി ഗിഫ്റ്റ്’.

ഈ ഒരു ഗോസിപ്പിന് ഇരുപത് വർഷത്തോളം പഴക്കമുണ്ട്. സ്കൂൾ കാലത്ത് കേട്ടുവന്ന ഈ കഥയിൽ മമ്മൂട്ടിയുടെ മകളുടെ കല്യാണവും അവിടെ വെച്ച് ജാസി ഗിഫ്റ്റിന്റെ ഗാനം കേട്ടതുമെല്ലാം ശരിയാണ്. പക്ഷേ യഥാർത്ഥ കഥ അങ്ങനെയല്ല. ജാസി ഗിഫ്റ്റ് സംഗീത സംവിധാനം ചെയ്യുന്ന മൂന്നാമത്തെ സിനിമയായിരുന്നു ‘ഫോർ ദി പീപ്പിൾ’. ലജ്ജാവതിയെ എന്ന ഗാനം ട്യൂൺ ചെയ്തപ്പോൾ അദ്നാൻ സാമിയെ കൊണ്ട് പാടിക്കാനായിരുന്നു ഉദ്ദേശം. അതുനടന്നില്ല. ഒടുവിൽ ജാസി ഗിഫ്റ്റ് തന്നെ പാടി.

റെക്കോർഡിങ്ങും നിർമ്മാണവും പൂർത്തിയാക്കി ഫോർ ദി പീപിൾ സിനിമ റിലീസിന് ഒരുങ്ങുകയാണ്. സിനിമയിലെ ഗാനങ്ങളുടെ ഓഡിയോ കാസറ്റും റിലീസ് ചെയ്തിട്ടില്ല. സിനിമ വിശേഷങ്ങളുമായെത്തിയ ഒരു ചാനലിൽ ഈ ഗാനം പ്ലേ ചെയ്തു. ഗാനം റിലീസ് ചെയ്ത രണ്ടാമത്തെ ദിവസമാണ് മമ്മൂട്ടിയുടെ മകളുടെ മൈലാഞ്ചി കല്യാണം. മമ്മൂട്ടിയുടെ മകളുടെ മൈലാഞ്ചി കല്യാണ ദിവസം ഈ ഗാനം വേണമെന്ന് വീട്ടുകാർക്ക് ഒരു ആഗ്രഹം. ചിത്രത്തിന്റെ നിർമ്മാതാവ് സാബുവിന് ഫോൺ വന്നു. മൈലാഞ്ചി കല്യാണത്തിന് ആ പാട്ട് പ്ലേ ചെയ്തു. ആളുകൾ നൃത്തംവെച്ചു.

കേരളത്തിലെ ആദ്യത്തെ വൈറൽ സംഭവം ഒരുപക്ഷേ ലജ്ജാവതിയെ എന്ന പാട്ടായിരിക്കും. ആ തരംഗം നേരിട്ട് കണ്ട് അനുഭവിച്ചവർ ഇവിടെയുണ്ടാവും. പാട്ട് ഇറങ്ങിയ ശേഷം നിയന്ത്രിക്കാൻ സാധിക്കാത്തത്രയും ജനങ്ങൾ ജാസി ഗിഫ്റ്റിനെ കാണാൻ കൂടിയിരുന്നു. ആരാധകരുടെ തിക്കും തിരക്കും കാരണം പലയിടങ്ങളിലും സ്മോക്കിട്ട് ഡ്യൂപിനെ മുന്നിൽ നടത്തിയും മറ്റൊരു വഴിയിലൂടെ ജാസി ഗിഫ്റ്റിനെ നടത്തിച്ചുമാണ് സംഘാടകർ അയാളെ സ്റ്റേജിലെത്തിച്ചത്. അങ്ങനെ തരംഗം ആയത് കൊണ്ട് തന്നെ അതുമായി ബന്ധപ്പെട്ടു വന്ന കഥകളിലൊന്നാണ് തുടക്കം പറഞ്ഞ ഗോസിപ്പ്.


വംശീയബോധം ആവശ്യത്തിലധികമുള്ള മലയാളികൾക്ക് കഥ വിശ്വസിക്കാൻ പാകത്തിലുള്ള ശരീരവും നിറവും ശബ്ദവുമായിരുന്നു ജാസി ഗിഫ്റ്റിന്റേത്. ആ വംശീയബോധമുള്ള മലയാളികളിലൊന്നാണ് കഴിഞ്ഞ ദിവസം സ്റ്റേജിൽ വെച്ച് മൈക്ക് തട്ടിപ്പറിച്ച പ്രധാന അധ്യാപിക. സംഭവം വാർത്തയായപ്പോൾ അധ്യാപികയെ പിന്തുണച്ചവർ. ഇവന്റെ പാട്ടാണ് ഏറ്റവും വലിയ ശിക്ഷ എന്ന് പരിഹസിച്ച് ചിരിക്കുന്നവർ.

ഒരു വേദിയിൽ അതിഥിയായി വന്ന ഗായകൻ പാടികൊണ്ടിരിക്കെ ഒരാൾ യേശുദാസിൽ നിന്നോ എംജി ശ്രീകുമാറിൽ നിന്നോ ചിത്രയിൽ നിന്നോ മൈക്ക് പിടിച്ചുവാങ്ങുമോ എന്ന ചോദ്യം പലരും ചോദിച്ചു കഴിഞ്ഞു. ഇല്ല എന്ന് തന്നെയാണ് ഉത്തരം. സവർണ്ണതയോട് എങ്ങനെ പെരുമാറണമെന്നും അവർണ്ണതയോട് എങ്ങനെ പെരുമാറണമെന്നും വംശീയവാദികൾക്ക് കൃത്യമായി അറിയാം. അവർ ആ രീതിയിലേ പ്രവർത്തിക്കുകയുള്ളൂ.

മെലഡിയും ഇന്ത്യൻ ശാസ്ത്രീയ സംഗീതവും തേങ്ങാക്കുലയുമാണ് പവിത്രമായ ഗാനം എന്ന് കരുതിവെച്ചിരുന്ന ആളുകൾക്കിടയിൽ വെസ്റ്റേൺ മ്യൂസിക്ക് മിക്സ് ചെയ്തു സംഗീതത്തെ നശിപ്പിച്ച താന്തോന്നി. പാട്ടുകളിൽ മലയാളി തനിമയില്ലാതെ ഹിപ് ഹോപും റാപും പൊതുവിടങ്ങളിലേക്ക് എത്തിച്ച കുരുത്തംകെട്ടവൻ. അയാളുടെ പാട്ട് ഇപ്പോഴും പലർക്കും ചെകിടത്തേറ്റ അടിയാണ്. സാമ്പദ്രായികമായി ഇവിടെ നിലനിന്നിരുന്ന സവർണ്ണതയെ തച്ചുതകർത്താണ് ജാസി ഗിഫ്റ്റ് എന്ന ഗായകനും സംഗീത സംവിധായകനും കടന്നുവന്നത്.

ഒരൊറ്റ സിനിമയിലൂടെ അയാൾ ഉണ്ടാക്കിയ ക്രൗഡിനെ മലയാള സിനിമ ഗാനങ്ങൾക്ക് ഇന്നുവരെ ഉണ്ടാക്കാൻ സാധിച്ചിട്ടില്ലെന്ന യാഥാർത്ഥ്യം ഉൾക്കൊള്ളാൻ ഇനിയും മനസ്സ് പാകപ്പെടാത്ത ആളുകൾ ഇരുപത് വർഷങ്ങൾക്കിപ്പുറം ഇപ്പോഴും ജീവിച്ചിരിക്കുന്നുണ്ടെന്നതിന് തെളിവാണ് ആ പ്രധാന അധ്യാപിക.









ഇടുക്കി ലൈവിലൂടെ കുറഞ്ഞ നിരക്കിൽ പരസ്യങ്ങൾ ചെയ്യാം

Related Articles

Back to top button
error: Content is protected !!