‘എന്തൊരാട്ടം!! സമീപ കാലത്തെ മികച്ച ചിത്രങ്ങളിൽ ഒന്ന്…’; ‘ആട്ടം’ വീണ്ടും ചർച്ചയാകുമ്പോൾ
പന്ത്രണ്ട് നടന്മാരും ഒരു നടിയുമുള്ള നാടക ഗ്രൂപ്പ്, അവിടുണ്ടാകുന്ന അസ്വാരസ്യങ്ങളും വൈരുധ്യങ്ങളും സംഘർഷങ്ങളും പറയുന്ന ചിത്രമാണ് ആട്ടം. നിരവധി ചലച്ചിത്ര മേളകളിൽ പ്രശംസയേറ്റുവാങ്ങിയ ചിത്രത്തിന് തിയേറ്ററിൽ വലിയ കാഴ്ച്ചക്കാരെ സമ്പാദിക്കാൻ സാധിച്ചിരുന്നില്ല. സിനിമാ നിരൂപകരും ആട്ടം തിയേറ്ററിൽ കണ്ടിറങ്ങിയ പ്രേക്ഷകരും ഒരിക്കലും മിസ് ചെയ്യാനാകാത്ത ചിത്രം എന്നാണ് വിശേഷിപ്പിച്ചത്. രണ്ട് ദിവസം മുൻപാണ് ആട്ടം ഒടിടിയിൽ പ്രദർശനെത്തിയത്. ഇതോടെ ആട്ടത്തിന് പ്രേക്ഷകരും ആരാധകരും വീണ്ടും കൂടിയിരിക്കുകയാണ്.
സമീപ കാലത്തെ മികച്ച ചിത്രങ്ങളിലൊന്ന് എന്നാണ് ആട്ടം ഒടിടിയിൽ കണ്ട പ്രേക്ഷകരുടെ വിലയിരുത്തല്‍. ‘ഐഎഫ്എഫ്കെയിൽ പലവട്ടം മുന്നിൽ എത്തിയിട്ടും മലയാളം പടം അല്ലെ, പിന്നെയും കാണാലോ എന്ന് പറഞ്ഞ് ഒഴിഞ്ഞ ചിത്രം പതിവ് രീതികൾ പൊളിച്ചു തിയേറ്ററിൽ വന്നപ്പോഴും കാണാതിരുന്ന കുറ്റ ബോധത്തിൽ പറഞ്ഞു പോവുകയാണ്..’
‘മലയാളം സിനമ തരുന്ന കണ്ടെന്റ് അതൊരിക്കലും ഒരുകാലത്തും ഡൗണാവാൻ പോണില്ല എന്ന് ഉറപ്പിക്കുന്ന സിനിമയാണ് ആട്ടം. സിനിമയുടെ സ്ക്രിപ്റ്റിന് തന്നെ ആദ്യ സല്യൂട്ട്, Its Masterpiece’
‘ഒട്ടും ലാഗ് ഇല്ലാതെ പ്രെസെന്റ് ചെയ്ത ഡയറക്ടർക്ക് ഇരിക്കട്ടെ കുതിര പവൻ’, ‘ഈയടുത്ത കാലത്ത് കണ്ട ഏറ്റവും മികച്ച മലയാള സിനിമകളിൽ ഒന്നാണ് ആട്ടം’ എന്നിങ്ങനെയാണ് പ്രതികരണങ്ങൾ.
സിനിമ കാണാൻ വൈകിയതിലുള്ള നിരാശയും പ്രേക്ഷകർ പ്രകടിപ്പിക്കുന്നുണ്ട്. വിനയ് ഫോര്‍ട്ടും സെറിൻ ഷിഹാബുമാണ് ചിത്രത്തില്‍ പ്രധാന വേഷങ്ങളില്‍ അഭിനയിക്കുന്നത്. നാടക പ്രവര്‍ത്തകനായ ആനന്ദ് ഏകര്‍ഷിയുടെ സംവിധാനത്തിലൊരുങ്ങിയ ചിത്രത്തില്‍ കലാഭവൻ ഷാജോണ്‍, അജി തിരുവാങ്കുളം, ജോളി ആന്റണി, മദൻ ബാബു, നന്ദൻ ഉണ്ണി, പ്രശാന്ത് മാധവൻ, സന്തോഷ് പിറവം, സെല്‍വരാജ് രാഘവൻ, സിജിൻ സിജീഷ്, സുധീര്‍ ബാബു എന്നിവരും നിര്‍ണായകമായ പ്രധാന വേഷങ്ങളില്‍ അഭിനയിക്കുന്നു. ഒരു നാടകത്തിന് പിന്നാലെയുളള ആഘോഷ പരിപാടിക്കിടെ അനിഷ്‍ട സംഭവവുമുണ്ടാവുകയും പിന്നീട് നടക്കുന്ന ചര്‍ച്ചയും നിലപാടുകളുമാണ് ആട്ടം പറയുന്നത്.