സാഹസിക വിനോദ സഞ്ചാരത്തെ സംസ്ഥാനത്തെ പ്രധാന ടൂറിസം ശാഖയായി വളര്‍ത്തും: മന്ത്രി മുഹമ്മദ് റിയാസ്
*വാഗമണ്ണില്‍ അന്താരാഷ്ട്ര പാരാഗ്ലൈഡിംഗ് ഫെസ്റ്റിവല്‍ തുടങ്ങി
*മുന്നാറും പാരാഗ്ലൈഡിങ് ഫെസ്റ്റിന് അനുയോജ്യമെന്ന് മന്ത്രി
സാഹസിക വിനോദ സഞ്ചാരത്തെ സംസ്ഥാനത്തെ പ്രധാന ടൂറിസം ശാഖയായി വളര്‍ത്തുമെന്ന് പൊതുമരാമത്ത്, ടൂറിസം വകുപ്പു മന്ത്രി പി എ മുഹമ്മദ് റിയാസ്. വാഗമണ്ണില്‍ ആരംഭിച്ച ഇന്ത്യയിലെ ഏറ്റവും വലിയ എയ്‌റോ സ്പോര്‍ട്‌സ് അഡ്വഞ്ചര്‍ ഫെസ്റ്റിവലായ അന്താരാഷ്ട്ര പാരാഗ്ലൈഡിംഗ് ഫെസ്റ്റിവല്‍ ഓണ്‍ലൈനായി ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി.
സാഹസിക ടൂറിസം ലോകത്തിലെ തന്നെ ഏറ്റവും വളര്‍ച്ചയുള്ള ടൂറിസം മേഖലയാണ്. ഭൂപ്രകൃതിയിലെ വൈവിധ്യമാണ് കേരളത്തിന്റെ പ്രത്യേകത.
ഈ പ്രത്യേകത സാധ്യമാക്കുന്ന പലതരം വിനോദസഞ്ചാര മേഖലകളെ ഉപയോഗപ്പെടുത്തുവാനുള്ള സാഹചര്യമാണ് സംസ്ഥാനത്തുള്ളത്. ഇതിന്റെ ഭാഗമായാണ് പാരാഗ്ലൈഡിങ് ഫെസ്റ്റ് അടക്കമുള്ള വൈവിധ്യമാര്‍ന്ന ഫെസ്റ്റുകള്‍ക്ക് കേരളം ആതിഥ്യമരുളുന്നത്.
വാട്ടര്‍ കയാക്കിങ് ഫെസ്റ്റിവല്‍, സര്‍ഫിങ് ചാമ്പ്യന്‍ഷിപ്പ്, കേരള അന്താരാഷ്ട്ര മൗണ്ടന്‍ സൈക്ലിങ് ചാമ്പ്യന്‍ഷിപ്പ് തുടങ്ങിയവ ഇതിന്റെ ഭാഗമായി സംഘടിപ്പിക്കും.
വാഗമണ്ണില്‍ ആരംഭിക്കുന്ന പാരഗ്ലൈഡിങ് ഫെസ്റ്റ് ഇന്ത്യയിലെ ഏറ്റവും വലിയ എയ്‌റോ സ്പോര്‍ട്‌സ് അഡ്വഞ്ചര്‍ ഫെസ്റ്റിവലാണ്. നൂറിലധികം അന്തര്‍ദേശീയ, ദേശീയ പ്രശസ്ത ഗ്ലൈഡര്‍മാര്‍ ഫെസ്റ്റിവലില്‍ പങ്കെടുക്കും. വിദേശരാജ്യങ്ങളില്‍ നിന്നടക്കമുള്ളവരുടെ പങ്കാളിത്തം ഉറപ്പു വരുത്തി സംഘടിപ്പിക്കുന്ന ഇത്തരം ഫെസ്റ്റിവലുകള്‍ കേരളത്തിന്റെ പെരുമ ലോകത്തെമ്പാടും എത്തിക്കുന്നതിന് സഹായകമാണെന്നും മന്ത്രി പറഞ്ഞു. പാരാഗ്ലൈഡിംഗ് ഫെസ്റ്റ് വാഗമണ്ണിലും വര്‍ക്കലയിലുമാണ് സംഘടിപ്പിക്കുന്നത്. മുന്നാറും ഇതിന് അനുയോജ്യമായ പ്രാദേശമാണെന്നാണ് പഠനങ്ങള്‍ തെളിയിക്കുന്നതെന്നും മന്ത്രി ചൂണ്ടിക്കാട്ടി.
യോഗത്തില്‍ വാഴൂര്‍ സോമന്‍ എംഎല്‍എ അധ്യക്ഷത വഹിച്ചു.
14 മുതല്‍ 17 വരെയാണ് ഫെസ്റ്റിവല്‍ അരങ്ങേറുക. വിനോദസഞ്ചാര വകുപ്പിന് കീഴിലുള്ള കേരള അഡ്വഞ്ചര്‍ ടൂറിസം പ്രൊമോഷന്‍ സൊസൈറ്റിയും (കെ.എ.ടി.പി.എസ്) ഇടുക്കി ജില്ലാ ടൂറിസം പ്രൊമോഷന്‍ കൗണ്‍സിലും (ഡി.ടി.പി.സി) സംയുക്തമായി പാരാഗ്ലൈഡിംഗ് അസോസിയേഷന്‍ ഓഫ് ഇന്ത്യയുടെ സാങ്കേതിക പിന്തുണയോടുകൂടിയാണ് ഫെസ്റ്റിവല്‍ സംഘടിപ്പിക്കുന്നത്.
അമേരിക്ക, നേപ്പാള്‍, ഫ്രാന്‍സ്, ജര്‍മ്മനി, ഇറ്റലി, ന്യൂസിലാന്‍ഡ്, ഓസ്ട്രേലിയ, ബ്രിട്ടന്‍ തുടങ്ങിയ രാജ്യങ്ങളും ഡല്‍ഹി, ഗോവ, മഹാരാഷ്ട്ര, ഹിമാചല്‍പ്രദേശ്, കര്‍ണാടക, തമിഴ്നാട് തുടങ്ങിയ സംസ്ഥാനങ്ങളില്‍ നിന്നുള്ളവരും ഫെസ്റ്റിവലില്‍ പങ്കെടുക്കും.
ഉദ്ഘാടന പരിപാടിയില്‍ ജില്ലാ കളക്ടര്‍ ഷീബാ ജോര്‍ജ്, സബ് കളക്ടര്‍ ഡോ.അരുണ്‍ എസ് നായര്‍, ഏലപ്പാറ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അമ്മിണി തോമസ്, വകുപ്പ് ജീവനക്കാര്‍, വിവിധ സാമൂഹിക രാഷ്ട്രീയ പ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.