‘പിറന്തനാൾ വാഴ്ത്തുകൾ’; മോസ്റ്റ് ഡിമാൻഡഡ് ഡയറക്ടർ ലോകേഷ് കനകരാജിന് 38ാം ജന്മദിനം
വമ്പൻ സംവിധയകരെ പോലും ഞെട്ടിച്ച് സ്വന്തം പേരിൽ ഒരു സിനിമാ ലോകം തന്നെ തീർത്ത സംവിധായകനാണ് ലോകേഷ് കനകരാജ്. മാനഗരം , കൈതി, മാസ്റ്റേഴ്സ് , വിക്രം, ലിയോ തുടങ്ങിയ വിരലിൽ എണ്ണാവുന്ന ചിത്രങ്ങളാണ് ഇദ്ദേഹം ചെയ്തിട്ടുള്ളത്. തുടർച്ചയായ ഹിറ്റുകൾ കൊണ്ട് ഏറ്റവും കൂടുതൽ ഡിമാന്റുള്ള സംവിധായകനായി ഉയർന്ന ലോകേഷ് കനകരാജിന് ഇന്ന് 38ാം പിറന്നാൾ.
ഒരു സംവിധായകരെയും അസ്സിസ്റ് ചെയ്ത ബാക്ക്ഗ്രൗണ്ട് ഒന്നും ലോകേഷിന് ഇല്ലെങ്കിലും ഓരോ താരങ്ങളെയും സ്‌ക്രീനിൽ അവതരിപ്പിക്കുന്നതിൽ വിശാലമായ ഉൾകാഴ്ച ഉണ്ടെന്ന് ഞൊടിയിടയിലാണ് സംവിധായകൻ തെളിയിച്ചത്. ആദ്യ സിനിമ മാനഗരം മുതൽ ലിയോ വരെ, ലോകേഷിൻ്റെ ഫിലിമോഗ്രാഫി ആക്ഷൻ വിഭാഗത്തോടുള്ള അദ്ദേഹത്തിൻ്റെ ഇഷ്ടത്തിൻ്റെ തെളിവാണ്.
തമിഴ് സിനിമയിൽ ആക്ഷൻ രംഗങ്ങൾ കുറവല്ലെങ്കിലും പല ചിത്രങ്ങളിലും ആവശ്യമില്ലാതെ ആക്ഷൻ രംഗങ്ങൾ ഉൾപ്പെടുത്താറുണ്ട്. അവിടെയാണ് ലോകേഷിന്റെ മികവ്. തിരക്കഥയിൽ കൃത്യമായി ഫൈറ്റ് സീനുകൾ ഉൾപ്പെടുത്തുകയും അവയെ മികച്ച രീതിയിൽ അവതരിപ്പിക്കുകയും ചെയ്യുന്നതായി അദ്ദേഹത്തിന്റെ സിനിമകളിൽ കാണാം.
ലിയോയിൽ തൃഷ, മഡോണ, വിക്രമില്‍ ഏജൻ്റ് ടീന എന്നിവരിലൂടെ ശക്തമായ സ്ത്രീ കഥാപാത്രങ്ങളെ പ്രേക്ഷകരിലേക്കെത്തിച്ചെങ്കിലും , സ്‌ക്രീനിൽ പ്രണയം എഴുതാനുള്ള തൻ്റെ കഴിവില്ലായ്മ സംവിധായകൻ തുറന്നു സമ്മതിച്ചിട്ടുണ്ട്.
അടുത്ത കാലത്ത് സെമി റിയലിസ്റ്റിക് സിനിമകൾ മാത്രം ചെയ്തിരുന്ന കമലഹാസനെ വീണ്ടും സൂപ്പർ സ്റ്റാർ പദവിയിലെത്തിച്ച ചിത്രമായിരുന്നു വിക്രം. കമൽ ഹസ്സനെ പുതിയ കാലത്തിനു അനുസരിച്ച് അവതരിപ്പിച്ച് ഒരു ഉലകനായകൻ ഫാൻ ചെയ്ത ചിത്രം. കമൽ ഹാസൻ കരിയറിലെ ഏറ്റവും വലിയ വിജയമായിരുന്നു വിക്രം.
ലിയോ, വിക്രം ചിത്രങ്ങളുടെ രണ്ടാം ഭാഗത്തിനായുള്ള അപ്ഡേഷനു വേണ്ടി ആരാധകർ കാത്തിരിക്കുമ്പോഴയിരുന്നു രജനികാന്തിനൊപ്പം തലൈവർ 171 സിനിമയുടെ പ്രഖ്യാപനം. വരാൻ പോകുന്ന ചിത്രങ്ങളെല്ലാം ലോകേഷിന്റെ ഇരിപ്പിടത്തിന് കനം കൂട്ടുമെന്ന കാര്യത്തിൽ ഒരു തർക്കവുമില്ല.