ദുരുഹത നീങ്ങാൻ മണിക്കൂറുകൾ,മോഷണക്കേസ് പ്രതിയെ കസ്റ്റഡിയിൽ നൽകാൻ ഉത്തരവ്
കട്ടപ്പന: ഗൃഹനാഥനെയും നവജാത ശിശുവിനെയും കൊന്ന് കുഴിച്ചുമൂടിയെന്ന വെളിപ്പെടുത്തലിൽ പ്രതിയെ പോലീസ് കസ്റ്റഡിയിൽ നൽകി. ഇതോടെ ദിവസങ്ങളായി തുടരുന്ന ദുരുഹത മറനീക്കുന്നതിനുള്ള സാഹചര്യം ഒരുങ്ങി. മോഷണക്കേസിൽ പീരുമേട് ജയിലിൽ കഴിയുന്ന നിതിനെയാണ് ചോദ്യം ചെയ്യുന്നതിനായി പോലീസ് കസ്റ്റഡിയിൽ വിട്ടു നൽകണമെന്ന അപേക്ഷ അംഗികരിച്ചത്.ഇതോടെ കേസിൽ കൂടുതൽ വ്യക്തത വരുത്താനുള്ള കളം ഒരുങ്ങുകയാണ്. കസ്റ്റഡിയിൽ ലഭിക്കുന്ന പ്രതിയുമായി അന്വേഷണം സംഘം കേസുമായി ബന്ധപ്പെട്ട് കൂടുതൽ ചോദ്യം ചെയ്യൽ നടത്തും.ഒരു ദിവസത്തെ കസ്റ്റഡി കാലാവധിയാണ് ഉള്ളത്. ഇപ്പോൾ മോഷണക്കേസിൽ റിമാൻഡിൽ കഴിയുന്ന പ്രതിയെ നിലവിലുള്ള കേസുമായിബന്ധപ്പെടുത്തുന്നതിനുള്ള നിയമ പരമായ നടപടികൾ സ്വീകരിച്ച ശേഷം തെളിവെടുപ്പിനായി കൊണ്ടു വരും.പ്രതിയെ എത്തിച്ചു മൃതദേഹം മറവു ചെയ്തിട്ടുണ്ട് എന്ന് സംശയിക്കുന്ന കക്കാട്ടുകടയിലെ വീടിന്റെ തറ മാന്തിയാകും പരിശോധന നടത്തുക. ഇന്ന് വൈകിട്ടോടെ പ്രതിയുമായി എത്താനാകുമെന്നാണ് അന്വേഷണ സംഘം കരുതുന്നത്. നവജാത ശിശുവിനെ കൊന്ന് മറവു ചെയ്തെന്ന് സംശയിക്കുന്ന കട്ടപ്പന സാഗര ജംഗ്ഷനിലെ വീട്ടിലും പരിശോധന നടത്തും. ഈ സംഭവത്തിൽ നിതിഷിന് ബന്ധമില്ലെന്നാണ് വിവരം. മറ്റൊരു പ്രതിയെന്ന് സംശയിക്കുന്ന വിഷ്ണു ഇതേ മോഷണ കേസിനിടെ കാലൊടിഞ്ഞ് പരുക്കേറ്റ് കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ ജുഡിഷ്യൽ കസ്റ്റഡിയിലാണ്. വിഷ്ണുവിനെയും വിട്ടു കിട്ടിയാലേ കേസിൽ അന്വേഷണ പുരോഗതി ഉണ്ടാകു. കൊലപ്പെടുത്തിയെന്ന് സംശയിക്കുന്ന വിഷ്ണുവിൻ്റെ പിതാവ് വിജയനെ മാസങ്ങളായി കാണാനില്ലായിരുന്നു. ഇത് സംബന്ധിച്ച് പോലീസിൽ പരാതിയുണ്ട്. മോഷണ കേസിൽ വിഷ്ണുവും സുഹൃത്തും അറസ്റ്റിലായ ശേഷമാണ് വിഷ്ണുവിൻ്റെ മാതാവിനെയും സഹോദരിയേയും പുറം ലോകം കാണുന്നത്. ഇവരിൽ നിന്നും പ്രതികളെ ചോദ്യം ചെയ്തതിൽ നിന്നും ലഭിച്ച വിവരങ്ങളാണ് ഞെട്ടിക്കുന്ന വിവരങ്ങളിലേയ്ക്ക് എത്തിയത്.