ഇടുക്കി മെഡിക്കൽ കോളജ് ആശുപത്രിയുടെ ശുചിമുറി മാലിന്യം റോഡിലൂടെ ഒഴുക്കുന്നത് സാംക്രമിക രോഗവ്യാപനത്തിന് കാരണമാകുന്നു
ഇടുക്കി മെഡിക്കൽ കോളജ് ആശുപത്രിയുടെ ശുചിമുറി മാലിന്യം റോഡിലൂടെ ഒഴുക്കുന്നത് സാംക്രമിക രോഗവ്യാപനത്തിന് കാരണമാകുന്നു. മലിന ജലം ശേഖരിക്കുന്ന ടാങ്കിൽ നിന്നും റോഡിലേക്കാണ് വലിയ പൈപ്പിലൂടെ മലിന
ജലം ഒഴുകിയെത്തുന്നത്. ആശുപത്രിയിലേക്ക് പ്രവേശിക്കാനുള്ള ഏക റോഡിലാണ് ഈ ദുരവസ്ഥ. രോഗികളും ആശുപത്രി ജീവനക്കാരുമെല്ലാം ഈ മലിന ജലത്തിലൂടെ കടന്നു വേണം ആശുപത്രിയിലെത്താൻ.
ദുർഗന്ധം വമിക്കുന്ന മലിന ജലം റോഡിലൂടെ സമീപത്തെ തോടിലേക്കാണ് പതിക്കുന്നത്. വാഹനങ്ങൾ കടന്നു പോകുമ്പോൾ ഈ മലിനജലം കാൽനട യാത്രക്കാരുടെ ദേഹത്തേക്ക് പതിക്കുകയും ഇതോടെ മെഡിക്കൽ കോളേജാശുപത്രി പരിസരം രോഗവ്യാപന കേന്ദ്രമായി മാറുകയുമാണ്. കിറ്റ്കോയുടെ മേൽ നോട്ടത്തിൽ നിർമ്മാണ പ്രവർത്തനം നടത്തിയിരിക്കുന്ന മെഡിക്കൽ കോളേജിന്റെ ശുചി മുറിമാലിന്യം ശാസ്ത്രീയമായി സംസ്‌കരിക്കുന്നതിന് പോലും സംവിധാനം ഇല്ല.
ആകെയുള്ള മാർഗം ദുർഗന്ധം വർദ്ധിക്കുമ്പോൾ ക്ലോറിൻ വിതറുന്നതാണെന്ന് രോഗികൾ വ്യക്തമാക്കുന്നു. ആശുപത്രിയുടെ നിർമ്മാണ പ്രവർത്തനങ്ങൾ വിലയിരുത്താൻ മന്ത്രിമാരുൾപ്പെടെ എത്തുമ്പോഴും ഈ ദുർഗന്ധം വമിക്കുന്ന മാലിന്യം സംസ്ക്‌കരിക്കുന്നതിന് നടപടിയില്ല. വേനൽ ശക്തമായതോടെ മലിന ജലം റോഡരുകിലെ കുഴികളിൽ കെട്ടിക്കിടന്ന് കൊതുക് വളരാനും സാംക്രമിക രോഗങ്ങൾ പടർന്ന് പിടിക്കാനും കാരണമാകുമെന്നതിന് യാതൊരുവിധ സംശയവുമില്ല.