കാട്ടാനയുടെ പേരിൽ ആനയിറങ്കലിലെ ബോട്ടിങ് നിരോധിച്ചിട്ട് ആറു മാസം; ടൂറിസത്തിന് കോടികളുടെ നഷ്ടം
രാജകുമാരി; മനുഷ്യരും കാട്ടാനകളുമായുള്ള സംഘർഷമൊഴിവാക്കാനെന്ന പേരിൽ ആനയിറങ്കൽ ജലാശയത്തിൽ ബോട്ടിങ് നിരോധിച്ചിട്ട് ആറു മാസം. ഹൈഡൽ ടൂറിസം വിഭാഗം നടത്തിയിരുന്ന ബോട്ടിങ് പുനരാരംഭിക്കുന്ന കാര്യം ഇപ്പോഴും അനിശ്ചിതത്വത്തിലാണ്. കഴിഞ്ഞ ജൂലൈ 14 നാണ് അരിക്കൊമ്പൻ വിഷയവുമായി ബന്ധപ്പെട്ട് രൂപീകരിച്ച വിദഗ്ധ സമിതിയുടെ ശുപാർശയുടെ അടിസ്‌ഥാനത്തിൽ ആനയിറങ്കൽ ജലാശയത്തിലെ ബോട്ടിങ് നിരോധിച്ച് ഹൈക്കോടതിയുടെ ഉത്തരവിറങ്ങിയത്. ബോട്ടിങ് കാട്ടാനകൾക്ക് ശല്യമാകുന്നു എന്നായിരുന്നു വിദഗ്ധ സമിതിയുടെ കണ്ടെത്തൽ. എന്നാൽ അതിനുശേഷം ജലാശയത്തിന്റെ ചുറ്റുവട്ടത്ത് 2 പേരാണ് കാട്ടാനയാക്രമണത്തിൽ മരിച്ചത്. കഴിഞ്ഞ ജനുവരി 8 ന് പന്നിയാർ സ്വദേശിനി പരിമള(44), ജനുവരി 26 ന് ബിഎൽ റാം സ്വദേശി സൗന്ദർരാജൻ(68) എന്നിവരാണ് കാട്ടാനയാക്രമണത്തിൽ കൊല്ലപ്പെട്ടത്. ഏക്കർ കണക്കിന് കൃഷി ഭുമിയും കാട്ടാനകൾ നശിപ്പിച്ചു. ബോട്ടിങ് നിരോധിച്ചതിന് ശേഷം കാട്ടാന ശല്യം കുറഞ്ഞില്ലെന്ന് മാത്രമല്ല ഇരട്ടിയായെന്ന് നാട്ടുകാർ പറയുന്നു