പുറ്റടി സ്പൈസസ് പാർക്കിൽ ഏലം ഇ- ലേലം അനുമതി ഉത്തരവ്
തൊടുപുഴ: കോവിഡ് രണ്ടാം തരംഗത്തേത്തുടർന്ന് നിർത്തിവച്ച ഏലം ലേലം പുറ്റടി സ്പൈസസ് പാർക്കിൽ പുനരാരംഭിക്കുമെന്ന് ഡീൻ കുര്യാക്കോസ് എം.പി. ഏലയ്ക്കാ ലേലം നിർത്തിവച്ചതിനേത്തുടർന്ന് കർഷകർ അനുഭവിച്ചിരിക്കുന്ന ബുദ്ധിമുട്ടുകൾ ഡീൻ കുര്യാക്കോസ് മുഖ്യമന്ത്രിയുടെ ശ്രദ്ധയിൽപ്പെടുത്തിയിരുന്നു. ട്രിപ്പിൾ ലോക്ക്ഡൗൺ പിൻ വലിച്ചതിനെത്തുടർന്ന് തമിഴ് നാട് സർക്കാർ ബോഡിനായ്ക്കന്നൂരിൽ ഏലം ലേലത്തിനുള്ള നടപടികൾ നേരത്തെ നൽകിയിരുന്നു. ഇടുക്കി ജില്ലാ കളക്ടറുടെ ശുപാർശക്ക് മുഖ്യമന്ത്രിയുടെ ഓഫീസ് ഇന്ന് അംഗീകാരം നൽകുകയായിരുന്നു. ഇതനുസരിച്ചുള്ള ഉത്തരവ് കളക്ടർ സ്‌പൈസസ് ബോർഡിന് നൽകി. കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചുകൊണ്ട് ഏലം ലേലം ഉടൻ തന്നെ പുനരാരംഭിക്കും. ഈ തീരുമാനം ഏലം കർഷകർക്ക് ഏറെ പ്രതീക്ഷ പകരുന്നതാണെന്നും കേവിഡ് വ്യാപനം മൂലം ദുരിതമനുഭവിക്കുന്ന ചെറുകിട ഏലം കർഷകർക്ക് കൂടുതൽ സഹായകരമായ നടപടികൾ കേന്ദ്ര സംസ്ഥാന സർക്കാരുകളിൽ നിന്നും ഉണ്ടാകേണ്ടതാണെന്നും എം.പി. പറഞ്ഞു. പുറ്റടി സ്പൈസസ് പാർക്കിൽ ലേലം പുനരാരംഭിക്കുന്നതിന് വിവിധ കർഷക സംഘടനകളും വ്യാപാരികളും ആവശ്യമറിയിച്ചുവരുകയായിരുന്നു. ഇക്കാര്യത്തിൽ സർക്കാരിന്റെയും ജില്ലാ ഭരണകൂടത്തിന്റെയും നിലപാട് സ്വാഗതർഹമാണെന്നും എം.പി.പറഞ്ഞു.