‘സിദ്ധാർത്ഥിനെ മലിന ജലം കുടിപ്പിച്ചു, മരിച്ച ദിവസവും മർദ്ദനം നേരിട്ടു’; ഹോസ്റ്റൽ സമാന്തര കോടതിയെന്ന് വിദ്യാർഥികൾ
പൂക്കോട് വെറ്റിനറി കോളജിലെ ഹോസ്റ്റൽ സമാന്തര കോടതിയെന്ന് സാക്ഷികളായ വിദ്യാർഥികൾ. മരണപ്പെട്ട സിദ്ധാർത്ഥിനെ നിലത്തെ മലിന ജലം കുടിപ്പിച്ചു. ഭക്ഷണം നൽകാതെ മർദിച്ചത് 3 ദിവസം. 3 ദിവസം കുടിവെള്ളം നൽകിയില്ല. മരിച്ച ദിവസവും മർദ്ദനം നേരിട്ടു. പ്രതികളെ ഭയന്നാണ് മർദ്ദന വിവരം പറയാത്തതെന്നും വിദ്യാർത്ഥികളുടെ മൊഴി.കോളജ് യൂണിയൻ അംഗങ്ങളാണ് എല്ലാത്തിനും തീർപ്പ് കൽപ്പിക്കുന്നതെന്നും വിദ്യാർത്ഥികൾ പറഞ്ഞു.
സിദ്ധാര്‍ത്ഥന്റെ മരണത്തിൽ 12 വിദ്യാർത്ഥികൾക്ക് എതിരെ കൂടി നടപടിയെടുത്തു. 10 വിദ്യാർത്ഥികളെ ഒരു വർഷത്തേക്ക് വിലക്കി. ഇവര്‍ക്ക് ക്ലാസിൽ പങ്കെടുക്കാനും പരീക്ഷ എഴുതാനും സാധിക്കില്ല. പ്രതികൾ ഭീഷണിപ്പെടുത്തിയപ്പോൾ മർദിച്ചവരാണ് ഇവരെന്നാണ് വിവരം. മറ്റ് രണ്ട് പേരെ ഒരു വർഷത്തേക്ക് ഇന്റേണൽ പരീക്ഷ എഴുതുന്നതിൽ നിന്ന് വിലക്കി. മർദനമേറ്റതായി കണ്ടിട്ടും ആശുപത്രിയിൽ എത്തിക്കാത്തതിലാണ് നടപടി. ഈ 12 വിദ്യാർത്ഥികളേയും ഹോസ്റ്റലിൽ നിന്ന് പുറത്താക്കി.
ഹോസ്റ്റലിലെ വിദ്യാർത്ഥികൾക്കെതിരെയും ശിക്ഷയുണ്ട്. അക്രമം നോക്കി നിന്ന മുഴുവൻ പേരെയും ഏഴ് ദിവസം കോളേജിൽ നിന്ന് സസ്പെന്റ് ചെയ്തു. ഈ ദിവസങ്ങളിൽ ഹോസ്റ്റലിലും പ്രവേശിക്കാൻ കഴിയില്ല. ഫെബ്രുവരി 16,17,18 തീയതികളിൽ ഹോസ്റ്റലിൽ ഉണ്ടായിരുന്നവര്‍ക്കാണ് ശിക്ഷ. റാഗിങ് വിരുദ്ധ സമിതിയുടേതാണ് നടപടി. വിദ്യാർത്ഥികൾക്ക് വേണമെങ്കിൽ വിസിക്ക് അപ്പീൽ നൽകാമെന്നും ആഭ്യന്തര പരാതി പരിഹാര സമിതി വ്യക്തമാക്കിയിട്ടുണ്ട്.
കേസിൽ 19 പേർക്ക് 3 വർഷത്തേക്ക് പഠനവിലക്ക് ഏര്‍പ്പെടുത്തിയതിന് പിന്നാലെയാണ് മറ്റുള്ളവര്‍ക്ക് എതിരെയും നടപടിയെടുത്തത്. പ്രതി പട്ടികയിലുള്ള 18 പേർക്ക് പുറമെ ഒരാൾക്ക് കൂടി പഠന വിലക്ക് ഏര്‍പ്പെടുത്തിയിട്ടുണ്ട്. കോളേജ് ആന്റി റാഗിംഗ് കമ്മറ്റിയുടേതാണ് നടപടി.