രാജകുമാരിയിൽ സ്ഥിരം വാക്സിനേഷൻ കേന്ദ്രം
രാജകുമാരി∙ കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി രാജകുമാരിയിൽ സ്ഥിരം വാക്സിനേഷൻ കേന്ദ്രം പ്രവർത്തനമാരംഭിച്ചു. രാജകുമാരി നോർത്തിലെ കമ്യുണിറ്റി ഹാളിലാണ് വാക്സിനേഷൻ കേന്ദ്രം തുറന്നത്. നിലവിൽ രാജകുമാരി കുടുംബാരോഗ്യ കേന്ദ്രത്തിലാണ് വാക്സിനേഷൻ സൗകര്യമുണ്ടായിരുന്നത്. സമീപ പഞ്ചായത്തുകളിൽ നിന്ന് ഇവിടെ ആളുകൾ എത്തിയത് തിരക്കിനും വാക്കു തർക്കങ്ങൾക്കും കാരണമായിരുന്നു.
ഇൗ സാഹചര്യത്തിലാണ് പഞ്ചായത്ത് കമ്യൂണിറ്റി ഹാൾ നവീകരിച്ച് സ്ഥിരം വാക്സിനേഷൻ കേന്ദ്രം തുറക്കാൻ ആരോഗ്യ വകുപ്പ് തീരുമാനിച്ചത്. കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട് നിരവധി കർമ പദ്ധതികളാണ് രാജകുമാരിയിൽ തദ്ദേശ ഭരണ സ്ഥാപനങ്ങളുടെ സഹായത്തോടെ ആരോഗ്യ വകുപ്പ് നടപ്പാക്കിയിരിക്കുന്നത്. വാർഡുകളും കോളനികളും കേന്ദ്രീകരിച്ചുള്ള പരിശോധന ക്യാംപുകൾ തുടരുകയാണ്. 50 വീടുകൾ വീതമുള്ള ക്ലസ്റ്ററുകൾ രൂപീകരിച്ച് ഹോമിയോ, ആയുർവേദ പ്രതിരോധ മരുന്നുകൾ നൽകി.
കോവിഡ് ഹെൽപ് ഡെസ്കിനൊപ്പം പൊതുജനങ്ങൾക്ക് ആശുപത്രിയിൽ വരാതെ തന്നെ ഡോക്ടറുടെ സേവനം ലഭ്യമാക്കുന്ന ഫാമിലി ഡോക്ടർ പദ്ധതി നടപ്പാക്കി. കാര്യക്ഷമമായ കർമ പദ്ധതികളിലൂടെ 50ന് മുകളിലായിരുന്ന കോവിഡ് പോസിറ്റിവിറ്റി നിരക്ക് നാലായി കുറയ്ക്കുവാൻ പഞ്ചായത്തിനും ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥർക്കും കഴിഞ്ഞു. പഞ്ചായത്ത് പ്രസിഡന്റ് ടെസി ബിനു ഉദ്ഘാടനം ചെയ്തു. മെഡിക്കൽ ഓഫിസർ ഡോ. ജ്യോതിസ് തങ്കം, പഞ്ചായത്തംഗങ്ങൾ എന്നിവർ പങ്കെടുത്തു.