ഗൂഡല്ലൂരിന് സമീപം വനത്തിനുള്ളിൽ വനം വകുപ്പ് ഉദ്യോഗസ്ഥരുടെ വെടിയേറ്റ് ഒരാൾ മരിക്കാൻ ഇടയാക്കിയ സംഭവത്തിൽ രണ്ട് വനപാലകർക്കെതിരെ കേസ്
തേനി (തമിഴ്നാട്): ഗൂഡല്ലൂരിന് സമീപം വനത്തിനുള്ളിൽ വനം വകുപ്പ് ഉദ്യോഗസ്ഥരുടെ വെടിയേറ്റ് ഒരാൾ മരിക്കാൻ ഇടയാക്കിയ സംഭവത്തിൽ രണ്ട് വനപാലകർക്കെതിരെ കേസെടുത്തു.മദ്രാസ് ഹൈകോടതിയുടെ മധുര ബഞ്ചിൻ്റെ നിർദ്ദേശപ്രകാരം പൊലീസ് നടത്തിയ അന്വേഷണത്തിലാണ് വനപാലകർക്കെതിരെ കേസെടുത്തത്.
കഴിഞ്ഞ ഒക്‌ടോബർ 29ന് പുലർച്ചെ മേഘമല കടുവ സങ്കേതത്തിലെ വണ്ണാത്തിപ്പാറ മേഖലയിലായിരുന്നു സംഭവം.കുള്ളപ്പകുണ്ടൻ പെട്ടി സ്വദേശി ഈശ്വരൻ (52) ആണ് വെടിയേറ്റ് മരിച്ചത്.കേരളത്തിന്റെ പെരിയാർ കടുവ സങ്കേതവുമായി അതിർത്തി പങ്കിടുന്ന വന മേഖലയാണിത്.രാത്രി പട്രോളിംങ്ങിനെത്തിയ വനപാലകരെ വനത്തിൽ ഒളിച്ചിരുന്ന ഈശ്വരൻ ആക്രമിക്കുകയായിരുന്നുവെന്നും സ്വയം പ്രതിരോധത്തിനായി വെടിയുതിർത്തപ്പോൾ ഈശ്വരൻ കൊല്ലപ്പെടുകയായിരുന്നുവെന്ന് വനപാലകർ തമിഴ്നാട് കുമളി പൊലീസിന് മൊഴി നൽകിയിരുന്നു. ഈശ്വരൻ സ്ഥിരം വേട്ട നടത്തിയിരുന്നതായും ഇവർ മൊഴിനൽകി.
എന്നാൽ മുൻ വൈരാഗ്യത്തെ തുടർന്നാണ് വനംവകുപ്പ് ഉദ്യോഗസ്ഥർ ഈശ്വരനെ വെടിവെച്ച് കൊന്നതെന്നും പൊലീസ് അന്വേഷണത്തിൽ നീതി ലഭിക്കില്ലെന്നും കാട്ടി ഈശ്വരൻ്റെ ബന്ധുക്കൾ മധുര ബഞ്ചിൽ ഹർജി ഫയൽ ചെയ്തിരുന്നു.കേസ് പരിഗണിച്ച ഹൈക്കോടതി ജഡ്ജി ഇക്കാര്യം അന്വേഷിക്കാൻ ജില്ലാ പോലീസ് സൂപ്രണ്ടിനോട് ഉത്തരവിട്ടിരുന്നു.
തുടർന്ന് തേനി ജില്ലാ പോലീസ് സൂപ്രണ്ടായിരുന്നു പ്രവീൺ ഉമേഷ് ടോംഗരെയും നിലവിലെ എസ് പി ശിവപ്രസാദും കേസ് അന്വേഷിക്കുകയും വനപാലകരായ തിരുമുരുകൻ, ഫോറസ്റ്റ് ഗാർഡ് ബെന്നി എന്നിവർക്കെതിരെ നരഹത്യക്ക് കേസ് രജിസ്റ്റർ ചെയ്യുകയായിരുന്നു.