പത്തനംതിട്ടയിൽ പി.സി ജോർജിനെ സ്ഥാനാർത്ഥിയാക്കിയാൽ സഹകരിക്കില്ലെന്ന് BDJS; ശ്രീധരന്‍ പിള്ളയ്ക്ക് സാധ്യത
പത്തനംതിട്ടയിൽ പി.സി ജോർജിനെ സ്ഥാനാർത്ഥിയാക്കിയാൽ സഹകരിക്കില്ലെന്ന് ബിഡിജെഎസ് ബിജെപി ദേശീയ നേതൃത്വത്തെ അറിയിച്ചു. നേരത്തെ സമുദായത്തെ അപമാനിക്കുന്ന നിലപാട് സ്വീകരിച്ചതിനാലാണ് പിസി ജോർജിനെതിരെ ബിഡിജെഎസ് തിരിഞ്ഞത്. ഇതോടെ പത്തനംതിട്ടയിൽ ഷോൺ ജോർജിൻ്റെയും സാധ്യതമങ്ങി. ഇതോടെ പത്തനംതിട്ടയിൽ പി.എസ് ശ്രീധരൻ പിള്ള എത്തിയേക്കുമെന്ന സൂചനകൾ ലഭിക്കുണ്ട്. സംസ്ഥാന നേതൃത്വം കൈമാറിയ പട്ടികയിൽ ആദ്യ പേര് മുൻ സംസ്ഥാന അധ്യക്ഷനും ഗോവ ഗവർണറുമായ പി എസ് ശ്രീധരൻപിള്ളയുടേത്.
16 സീറ്റുകളിൽ ബിജെപിയും നാല് സീറ്റുകളിൽ ബിഡിജെഎസ് മത്സരിക്കാനാണ് തീരുമാനം.കോട്ടയം, മാവേലിക്കര ഇടുക്കി, ചാലക്കുടി സീറ്റുകൾ ബിഡിജെഎസിന് നൽകും. കോട്ടയത്ത് തുഷാർ വെള്ളാപ്പള്ളി സ്ഥാനാർത്ഥിയായേക്കും.
അതേസമയം ആലപ്പുഴയിൽ കൊല്ലപ്പെട്ട രഞ്ജിത്ത് ശ്രീനിവാസിന്റെ ഭാര്യ ലിഷ രഞ്ജിത്ത് സ്ഥാനാർത്ഥിയാകാൻ സാധ്യതയുണ്ട്, സന്ദീപ് വചസ്പതിയുടെ പേരും ആലപ്പുഴയിൽ പരിഗണിക്കുന്നുണ്ട്.
ആലത്തൂരിൽ എസ്.സി മോർച്ച സംസ്ഥാന അധ്യക്ഷൻ ഷാജിമോൻ വട്ടേക്കാടിനും സാധ്യത കാണുന്നു.
ഇതിനിടെ തിരുവനന്തപുരത്ത് കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖർ ബിജെപി സ്ഥാനാർത്ഥിയായേക്കുമെന്ന സൂചനകളും ലഭിക്കുന്നുണ്ട്. ജില്ലാ നേതൃത്വത്തിന്റെ ആവശ്യം പരിഗണിച്ച് കേന്ദ്ര നേതൃത്വം തീരുമാനമെടുത്തതായി വിവരം. കഴിഞ്ഞ തവണ രണ്ടാം സ്ഥാനത്തെത്തിയ മണ്ഡലങ്ങൾ പിടിച്ചെടുക്കാനുള്ള ബിജെപിയുടെ പട്ടികയിൽ മുൻപന്തിയിലാണ് തിരുവനന്തപുരം.
തൃശൂരില്‍ സുരേഷ് ഗോപിയും ആറ്റിങ്ങലില്‍ വി മുരളീധരനും പാലക്കാട് സി കൃഷ്ണ കുമാറും സ്ഥാനാർത്ഥികളായേക്കുക. ഇവർ ഇതിനോടകം തന്നെ മണ്ഡലത്തിൽ പ്രവർത്തിച്ച് തുടങ്ങിയിട്ടുണ്ട്. കോഴിക്കോട് നിന്ന് എം ടി രമേശ് ആയിരിക്കും മത്സരിച്ചേക്കുക.