‘ചിലരുടെ ധാർഷ്ട്യം മൂലം കോൺഗ്രസ് ഇല്ലാതായിക്കൊണ്ടിരിക്കുന്നു’; ഗുലാം നബി ആസാദ്
കോൺഗ്രസ് നേതൃത്വത്തെ വിമർശിച്ച് മുൻ നേതാവും ഡെമോക്രാറ്റിക് പ്രോഗ്രസീവ് ആസാദ് പാർട്ടി (ഡിപിഎപി) അധ്യക്ഷനുമായ ഗുലാം നബി ആസാദ്. ചിലരുടെ ദൗർബല്യവും ധാർഷ്ട്യവും മൂലം കോൺഗ്രസ് ഇല്ലാതായിക്കൊണ്ടിരിക്കുന്നു. മഹാരാഷ്ട്ര മുൻ മുഖ്യമന്ത്രി അശോക് ചവാൻ പാർട്ടി വിട്ടത് കോൺഗ്രസിന് വലിയ തിരിച്ചടിയാണെന്നും അദ്ദേഹം എഎൻഐയോട് പറഞ്ഞു.
അശോക് ചവാൻ കോൺഗ്രസിന് നിർണായക സംഭാവന നൽകിയിട്ടുണ്ട്. അദ്ദേഹത്തിൻ്റെ പിതാവ് കോൺഗ്രസിൻ്റെ വലിയ നേതാവും കേന്ദ്രമന്ത്രിയുമായിരുന്നു. വരും ദിവസങ്ങളിൽ കൂടുതൽ പേർ പാർട്ടി വിടുമെന്നാണ് എനിക്ക് ലഭിച്ച വിവരം. പാർട്ടിക്ക് ഇത് വലിയ തിരിച്ചടിയാണ്. കോൺഗ്രസിനെക്കുറിച്ച് കൂടുതലൊന്നും പറയാൻ ആഗ്രഹിക്കുന്നില്ലെന്നും ഗുലാം നബി ആസാദ്.
‘തൻ്റെ നിയമസഭാ ജീവിതം ആരംഭിച്ചത് മഹാരാഷ്ട്രയിൽ നിന്നാണ്. അവിടെനിന്നും ലോക്സഭാംഗമായി. ആദ്യമായി രാജ്യസഭയിലെത്തിയതും മഹാരാഷ്ട്രയിൽ നിന്നാണ്. ഇന്ത്യയിൽ കോൺഗ്രസിനെ പുനരുജ്ജീവിപ്പിക്കാൻ കഴിയുന്ന ഒരേയൊരു സംസ്ഥാനമേയുള്ളൂ, അത് മഹാരാഷ്ട്രയാണ്. യുപി, ബംഗാൾ തുടങ്ങിയ വലിയ സംസ്ഥാനങ്ങളിൽ കോൺഗ്രസ് ഏതാണ്ട് അവസാനിച്ചു. ചുരുക്കം ചിലരുടെ ദൗർബല്യവും അഹങ്കാരവും കൊണ്ട് ഈ പാർട്ടി ഇല്ലാതായിക്കൊണ്ടിരിക്കുന്നത് ദൗർഭാഗ്യകരമാണ്’-ആസാദ് പറഞ്ഞു.