അന്തര്‍സംസ്ഥാന പാത നിര്‍മാണം: ജില്ലയെ അവഗണിക്കുന്നതായി പരാതി
സ്വാതന്ത്ര്യ സുവർണ ജൂബിലി ഉപഹാരമായി പ്രഖ്യാപിച്ച മൂവാറ്റുപുഴ- തേനി അന്തർ സംസ്ഥാന പാതയുടെ ജില്ലയിലൂടെ കടന്നു പോകുന്ന ഭാഗത്തിന്‍റ നിർമാണം പൂർത്തിയാക്കുന്നതില്‍ അനാസ്ഥ. 2000-ത്തില്‍ ഗസറ്റ് നോട്ടിഫിക്കേഷൻവഴി അന്തർ സംസ്ഥാന പാതയായി ഉത്തരവിറക്കി 23 വർഷമായിട്ടും റോഡ് യാഥാർഥ്യമാക്കാൻ കഴിഞ്ഞിട്ടില്ല. ഇതോടെ പാതയുടെ വികസനത്തിനായി പ്രദേശവാസികളുടെ കാത്തിരിപ്പും അനന്തമായി നീളുകയാണ്. അന്ന് പൊതുമരാമത്ത് മന്ത്രിയായിരുന്ന പി.ജെ. ജോസഫാണ് പാതയുടെ ഒന്നാംഘട്ടം പൂർത്തീകരണത്തിന്‍റെ ഉദ്ഘാടനം നിർവഹിച്ചത്.
മൂവാറ്റുപുഴ, രണ്ടാർ, ആയവന, കലൂർക്കാട്, തഴുവംകുന്ന്, പെരുമാംകണ്ടം ഈസ്റ്റ് കലൂർ, വാഴക്കാല, കോടിക്കുളം, കരിമണ്ണൂർ, ഉടുന്പന്നൂർ, കോട്ടക്കവല, പരിയാരം, ചീനിക്കുഴി, പെരിങ്ങാശേരി, ഉപ്പുകുന്ന് വഴി പാറമടയില്‍ എത്തി അവിടെ തൊടുപുഴ – പുളിയൻമല റോഡുമായി സംഗമിച്ച് കട്ടപ്പന, നെടുങ്കണ്ടം കന്പംമെട്ട് വഴി തേനിക്കു പോകുന്നതാണ് പാത.
1997 സെപ്റ്റംബറിലായിരുന്നു പാതയുടെ പ്രഖ്യാപനമുണ്ടായത്. എറണാകുളം ജില്ലയില്‍ 15 കിലോമീറ്ററും ഇടുക്കി ജില്ലയില്‍ 140 കിലോമീറ്ററും തമിഴ്നാട്ടില്‍ 30 കിലോമീറ്ററും ഉള്‍പ്പെടെ 185 കിലോമീറ്ററാണ് പാതയുടെ ആകെ ദൂരം.
ഇതിനിടെ പാത ഉടുന്പന്നൂർ പഞ്ചായത്തിലെ കോട്ടക്കവല പരിയാരം ഭാഗത്തുനിന്നു തിരിഞ്ഞ് വേളൂർ – കൈതപ്പാറ – മണിയാറൻകുടി വഴി ചെറുതോണിയില്‍ എത്തുന്ന വിധമായിരിക്കണമെന്ന ആവശ്യവും ഉയരുന്നുണ്ട്. റോഡിന്‍റെ എറണാകുളം ജില്ലയിലെ നിർമാണം പൂർത്തിയായി. എന്നാല്‍ ജില്ലയില്‍ നിർമാണം എങ്ങുമെത്താത്ത അവസ്ഥയിലാണ്.
പഴയ വടക്കുംകൂർ രാജാക്കന്മാരുടെ കോട്ട നിലനിന്നിരുന്ന ഭാഗത്തുകൂടിയാണ് റോഡ് കടന്നുപോകുന്നത്. മണ്‍ജോലികള്‍പോലും തുടങ്ങാൻ കഴിയാത്ത 1.85 കിലോമീറ്റർ ദൂരം അളന്ന് വേർതിരിക്കാൻ സർവേ ഡയറക്ടർ തൊടുപുഴ എല്‍എ തഹസില്‍ദാർക്ക് നിർദേശം നല്‍കിയിട്ട് ആറുമാസം കഴിഞ്ഞിട്ടും യാതൊരു നടപടിയും ഉണ്ടാകുന്നില്ലെന്ന ആക്ഷേപവും ഉണ്ട്. ഇതും റോഡു നിർമാണത്തിന് തടസമാണ്.
എന്നാല്‍, 1.85 കിലോമീറ്റർ ഭാഗത്ത് സ്ഥലം ഏറ്റെടുക്കേണ്ടതായിട്ടുണ്ടെന്നും അത് കണ്ടെത്തി നടപടികള്‍ തുടരുകയാണെന്നും സർവേ വിഭാഗത്തില്‍ ജീവനക്കാരുടെ കുറവ് ഉള്ളതിനാലാണ് സമയബന്ധിതമായി നടപടികള്‍ പൂർത്തിയാക്കാൻ കഴിയാത്തതെന്നും സർവേ വിഭാഗം തഹസില്‍ദാർ പറഞ്ഞു.