സ്വരാജ് തൊപ്പിപ്പാള മറ്റപ്പള്ളി കോളനി റോഡ് സഞ്ചാരയോഗ്യമാക്കാത്തതിൽ പ്രതിഷേധിച്ച് വ്യത്യസ്ത സമരമുറയുമായി നാട്ടുകാർ
സ്വരാജ് തൊപ്പിപ്പാള മറ്റപ്പള്ളി കോളനി റോഡ് സഞ്ചാരയോഗ്യമാക്കാത്തതിൽ പ്രതിഷേധിച്ച് വ്യത്യസ്ത സമരമുറയുമായി നാട്ടുകാർ.റോഡിൻ്റെ ഗുണഭോക്താക്കൾ തെരുവ് നാടകം അവതരിപ്പിച്ചാണ് വേറിട്ട സമരം നടത്തിയത്. റോഡിൻ്റെ ദുരവസ്ഥ കാരണം നിരവധി അപകടങ്ങളാണിവിടെ ഉണ്ടായിരിക്കുന്നത്. കഴിഞ്ഞ 2.5 വർഷമായി റോഡ് സഞ്ചാരയോഗ്യമല്ലാതെ കിടക്കുകയാണ്.റോഡിലൂടെ യാത്ര ചെയ്താൽ ഉണ്ടാവുന്ന അപകടങ്ങളും അപകടത്തെ തുടർന്ന് ആശുപത്രി സ്ഥാപിക്കുന്നതും മന്ത്രി വരുന്നതുമെല്ലാം രസകരമായി അവതരിപ്പിച്ചാണ് പ്രതിഷേധം സംഘടിപ്പിച്ചത്. ഈ കഥ നടക്കുന്നത് അമേരിക്കയിലല്ല എന്ന ആമുഖത്തോടെയാണ് നാടകം ആരംഭിച്ചത്.ആശുപത്രിയും ആളുകൾ വീഴുന്നതുമെല്ലാം ആവിഷ്കരിച്ചത് അധികാരികളുടെ കണ്ണ് തുറക്കാനാണ്.മുമ്പ് ഒരു പ്രതിഷേധം ഉണ്ടായതിനെ തുടർന്ന് പാറപ്പൊടി ഇറക്കി താത്കാലിക പരിഹാരം ഉണ്ടാക്കുവാൻ ശ്രമിച്ചിരുന്നു.പ്രതിഷേധ നാടകം കൊണ്ടും റോഡ് സഞ്ചാരയോഗ്യമാക്കിയില്ലങ്കിൽ ശക്തമായ സമരം ആരംഭിക്കാനുള്ള ഒരുക്കത്തിലാണ് നാട്ടുകാർ.അൻപതോളം കുടുംബങ്ങൾ തെരുവ് നാടകത്തിൽ പങ്കെടുത്തു.