വീണ്ടും കാട്ടാന ആക്രമണം; ഒന്നാം പ്രതി വനംമന്ത്രി, ജില്ലയുടെ ചുമതലയുള്ള മന്ത്രി പരാജയം; ടി. സിദ്ദിഖ്
വയനാട് മാനന്തവാടി പടമലയില്‍ കാട്ടാന ആക്രമണത്തില്‍ ഒരാള്‍ കൊല്ലപ്പെട്ടു. ഇന്ന് രാവിലെയാണ് പയ്യമ്പള്ളി ചാലിഗദ്ദ പനച്ചിയില്‍ അജി (47) കാട്ടാനയുടെ ആക്രമണത്തിൽ വീട്ടുമുറ്റത്തുവച്ച് കൊല്ലപ്പെട്ടത്. സുഹൃത്തിന്റെ വീട്ടുമുറ്റത്ത് നിന്നാണ് അജി ആക്രമിക്കപ്പെട്ടത്. കര്‍ണാടകയുടെ റേഡിയോ കോളര്‍ ഘടിപ്പിച്ച ആനയാണിത്. പരിക്കേറ്റ അജിയെ മാനന്തവാടി മെഡിക്കല്‍ കോളേജില്‍ എത്തിച്ചെങ്കിലും മരണപ്പെട്ടു. ആശുപത്രിയില്‍ പ്രതിഷേധം തുടരുകയാണ്. വിഷയത്തിൽ പ്രതിരണവുമായി കോൺഗ്രസ് നേതാവ് ടി സിദ്ദിഖ് എംഎൽഎ രംഗത്തെത്തി. ഒന്നാം പ്രതി വനംമന്ത്രിയെന്ന് അദ്ദേഹം പറഞ്ഞു. ജില്ലയുടെ ചുമതലയുള്ള മന്ത്രി പരാജയം. വയനാട്ടിലേക്ക് സർക്കാർ തിരിഞ്ഞുനോക്കുന്നില്ല. വയനാട്ടിലെ സാമൂഹിക ജീവിതം വന്യജീവി ശല്യം മൂലം തകർന്നുവെന്നും ടി സിദ്ദിഖ് വ്യക്തമാക്കി. മുഖ്യമന്ത്രി അടിയന്തര യോഗം വിളിച്ച് നേരിട്ട് ഇടപെടണമെന്നും ടി സിദ്ദിഖ് പറഞ്ഞു.
വയനാട്ടിൽ കാട്ടാനയുടെ ആക്രമണത്തിൽ ഒരാൾ മരിച്ച സംഭവത്തിൽ ആലോചനയോടാണ് ഉടനുണ്ടാകുമെന്ന് വനം വകുപ്പ് മന്ത്രി എ കെ ശശീന്ദ്രൻ. ആനയെ കുറിച്ച് കൂടുതൽ വിവരങ്ങൾ ലഭ്യമല്ല. കർണാടക വനം വകുപ്പിൻ്റെ വീഴ്ചയെ കുറിച്ച് ഇപ്പോൾ പറയാനാകില്ല. വീട്ടു മുറ്റത്ത് വച്ചാണ് ആന ആക്രമിച്ചത്. സംഭവം വളരെയധികം ഗൗരവമേറിയത് തന്നെയാണ്.
മുഖ്യമന്ത്രിയുടെ ശ്രദ്ധയിൽ പെടുത്തി അദ്ദേഹത്തിൻ്റെ സഹായത്തോടെ എന്ത് ചെയ്യണമെന്ന് തീരുമാനിക്കും. പ്രതിഷേധങ്ങൾ സ്വാഭാവികമായും ഉണ്ടാകും. ആനയെ പിടി കൂടാനുള്ള തീരുമാനം ആലോചിച്ച് എടുക്കും. ആന സ്നേഹികൾ വനം വകുപ്പ് പിരിച്ച് വിടണമെന്നാണ് പറയുന്നത്. സ്വാഭാവിക നടപടികൾ കൊണ്ട് മാത്രം വയനാട്ടിലെ ജനങ്ങളുടെ ആശങ്ക പരിഹരിക്കാനാവും എന്ന് കരുതുന്നില്ല. കർണാടകയുമായി ബന്ധപ്പെട്ട് വേണ്ട നടപടികൾ സ്വീകരിക്കുമെന്നും മന്ത്രി പറഞ്ഞു.