വ്യാപാരി വ്യവസായി സമിതി കട്ടപ്പനയിൽ മാർച്ചും ധർണയും നടത്തി
ഇടുക്കി: വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് കേരള വ്യാപാരി വ്യവസായി സമിതി ജില്ലാ കമ്മിറ്റി കട്ടപ്പന നഗരസഭ ഓഫീസ് പടിക്കലേക്ക് മാർച്ചും ധർണയും നടത്തി. സംസ്ഥാന ജോയിന്റ് സെക്രട്ടറി ടി വി ബൈജു ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് റോജി പോൾ അധ്യക്ഷനായി. വഴിയോര കച്ചവട നിയന്ത്രണ നിയമം നടപ്പാക്കുക, മാലിന്യമില്ലാത്ത കടകൾക്ക് യൂസർഫീ ഒഴിവാക്കുക, ലൈസൻസ് ലഭിക്കാൻ മാലിന്യനിക്ഷേപ പെട്ടിയും ഹരിതകർമസേനയുടെ രജിസ്‌ട്രേഷനും നിർബന്ധമാക്കിയ ഉത്തരവ് പിൻവലിക്കുക, വികസനത്തിന്റെ ഭാഗമായി ഒഴിപ്പിക്കുന്ന വ്യാപാരികൾക്ക് നഷ്ടപരിഹാരവും പുരധിവാസവും ഉറപ്പാക്കുക, ജിഎസ്ടിയിലെ അപാകത പരിഹരിക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ചാണ് സംസ്ഥാന വ്യാപകമായി സമരം നടത്തുന്നത്.
തുടർച്ചയായ പ്രളയങ്ങളും കോവിഡ് മഹാമാരിയും വ്യാപാരികളെ സാമ്പത്തിക പ്രതിസന്ധിയിലാക്കി. നിരവധി സ്ഥാപനങ്ങൾ പൂട്ടേണ്ടിവന്നു. പലരും നഷ്ടത്തിലാണ് സ്ഥാപനങ്ങൾ പ്രവർത്തിപ്പിക്കുന്നത്. ഓൺലൈൻ വ്യാപാരവും വലിയ സൂപ്പർമാർക്കറ്റുകളുടെ കടന്നുവരവും ചെറുകിടക്കാർക്ക് വെല്ലുവിളിയാണെന്നും ഭാരവാഹികൾ കുറ്റപ്പെടുത്തി. ജില്ലാ സെക്രട്ടറി സാജൻ കുന്നേൽ, ജില്ലാ ട്രഷറർ നൗഷാദ് ആലുംമൂട്ടിൽ, ജോസ് പുലിക്കോടൻ, വി എ അൻസാരി, മജീഷ് ജേക്കബ്, ലൂയിസ് വേഴമ്പത്തോട്ടം, വി എ കുഞ്ഞുമോൻ എന്നിവർ സംസാരിച്ചു.