തേക്കടിയില്‍ ഹോട്ടലിന്‍റെ ബോര്‍ഡ് തകര്‍ത്ത് ആനകള്‍; കിടങ്ങുകള്‍ ഒരുക്കി വനംവകുപ്പ്


തേക്കടി ബോട്ട്ലാൻഡിങില്‍ ആനകള്‍ ഇറങ്ങി പരാക്രമം പതിവായതോടെ കിടങ്ങുകള്‍ ആഴം കൂട്ടി പുനർനിർമിച്ച് വനം വകുപ്പ്.
തേക്കടി ബോട്ട്ലാൻഡിങ്ങിന് സമീപത്തെ കെ.ടി.ഡി.സിയുടെ പെരിയാർ ഹൗസ് ഹോട്ടലിന്‍റെ ബോർഡാണ് കഴിഞ്ഞ ദിവസം ആനകള്‍ തകർത്തത്. കാടിറങ്ങി ബോട്ട്ലാൻഡിങില്‍ എത്തുന്ന ആനക്കൂട്ടം മുമ്ബും ഇത്തരത്തില്‍ നാശനഷ്ടങ്ങള്‍ വരുത്തിയിട്ടുണ്ട്. തേക്കടിയിലെ ലഘുഭക്ഷണശാല, ന്വേച്ചർ വാക്ക് ഓഫീസ് എന്നിവക്കെല്ലാം കേടുപാട് വരുത്തുന്നത് പതിവാണ്.
മാസങ്ങള്‍ മുമ്ബ് കാടിറങ്ങി വന്ന ആന വിരട്ടി ഓടിച്ചതിനെ തുടർന്ന് വനം വകുപ്പിലെ ജീവനക്കാരന് വീണ് സാരമായി പരിക്കേറ്റിരുന്നു. തേക്കടിയിലെ കെ.ടി.ഡി.സി ഹോട്ടലുകള്‍, പൊതുമരാമത്ത് റസ്റ്റ് ഹൗസ് എന്നിവയുടെ പരിസരത്തെല്ലാം ആനക്കുട്ടം എത്തുന്നത് പതിവ് സംഭവമാണ്.
ഇത് സഞ്ചാരികള്‍ക്ക് അപകടം സൃഷ്ടിക്കുമെന്ന് വ്യക്തമായതോടെയാണ് വർഷങ്ങളുടെ ഇടവേളക്ക് ശേഷം പ്രദേശത്തെ കിടങ്ങുകള്‍ പുനർനിർമിക്കാൻ നടപടിയായത്.
ബോട്ട്ലാൻഡിങ്ങിനു ചുറ്റുമുള്ള കിടങ്ങുകള്‍ ആഴം കൂട്ടി ആനകള്‍ റോഡില്‍ കയറുന്നത് തടയുകയാണ് ലക്ഷ്യം.ഇതോടൊപ്പം ആനക്കൂട്ടം ഇറങ്ങി ആദിവാസി കോളനികള്‍ക്കു സമീപത്തെ കൃഷിയിടങ്ങള്‍ നശിപ്പിക്കുന്നത് തടയാൻ ഈ മേഖലയിലെ കിടങ്ങുകളും ആഴം കൂട്ടി പുനർനിർമിക്കാൻ ആരംഭിച്ചിട്ടുണ്ട്.