‘ബജറ്റില്‍ സംസ്ഥാനങ്ങളുടെ താത്പര്യം സംരക്ഷിച്ചില്ല’; മന്ത്രി കെ എന്‍ ബാലഗോപാല്‍ അവതരിപ്പിച്ച പ്രമേയം സഭ പാസാക്കി


കേന്ദ്രം കേരളത്തെ സാമ്പത്തികമായി ഞെരുക്കുന്നുവെന്ന് ആരോപിച്ചുള്ള പ്രമേയം നിയമസഭ പാസാക്കി. ധനമന്ത്രി കെ എന്‍ ബാലഗോപാലാണ് പ്രമേയം അവതരിപ്പിച്ചത്. കേന്ദ്ര ബജറ്റില്‍ സംസ്ഥാനങ്ങളുടെ താത്പര്യം സംരക്ഷിച്ചിട്ടില്ലെന്നും ഫെഡറല്‍ സംവിധാനത്തിന്റെ കടയ്ക്കല്‍ കത്തി വയ്ക്കുന്ന നിലപാടാണ് കേന്ദ്രത്തിനെന്നും പ്രമേയത്തിനുണ്ട്. കേരളത്തിന്റെ താത്പര്യം മുന്‍നിര്‍ത്തിയാണ് പ്രമേയം പാസാക്കിയതെന്നും പ്രമേയം ഐകകണ്‌ഠേനെ അംഗീകരിക്കേണ്ടി വരുമെന്നതിനാലാണ് പ്രതിപക്ഷം നാടകം കളിച്ച് സഭ വിട്ടതെന്നും ധനമന്ത്രി കെ എന്‍ ബാലഗോപാല്‍ വിമര്‍ശിച്ചു.
കേന്ദ്രബജറ്റില്‍ മാന്ദ്യവിരുദ്ധ പാക്കേജുകള്‍ ഒന്നുമുണ്ടായില്ലെന്ന് ധനമന്ത്രി കുറ്റപ്പെടുത്തി. തങ്ങള്‍ അടുത്ത ബജറ്റ് അവതരിപ്പിക്കുമെന്ന് പറയുന്ന സമീപനം തെറ്റാണ്. ലഭിക്കേണ്ട ഗ്രാന്റുകള്‍ കേന്ദ്രം തടഞ്ഞുവെയ്ക്കുന്നു. സംസ്ഥാനത്തെ കേന്ദ്രത്തിന്റെ കീഴ്ഘടകങ്ങളായി കാണുന്നു. ഇത് ജനാധിപത്യ വിരുദ്ധ സമീപനമെന്നും മന്ത്രി കുറ്റപ്പെടുത്തി.
സംസ്ഥാനത്തിന്റെ വിഹിതം നിശ്ചയിച്ചപ്പോള്‍ തന്നെ വലിയ നഷ്ടമുണ്ടായെന്ന് ധനമന്ത്രി വിലയിരുത്തി. രാഷ്ട്രപതിയുടെ അംഗീകാരത്തോടെ പാര്‍ലമെന്റിന്റെ ഇരുസഭകളിലും അറിയിച്ച ശുപാര്‍ശകളെ കാറ്റില്‍പ്പറത്തുന്ന സമീപനമാണ് കേന്ദ്രത്തില്‍ നിന്നുമുണ്ടായത്. യൂണിയന്‍ ലിസ്റ്റിലെ വിഷയങ്ങളില്‍ കേന്ദ്രസര്‍ക്കാരിന് അധികാരമുള്ളതുപോലെ സംസ്ഥാനവിഷയങ്ങളില്‍ സംസ്ഥാന സര്‍ക്കാരിനും പരമാധികാരമുണ്ടെന്നും ധനമന്ത്രി കൂട്ടിച്ചേര്‍ത്തു.