ബോബി ഡിയോൾ ബാക്ക് ഓൺ ആക്ഷൻ!; ബോക്സ് ഓഫീസിൽ ഇരട്ടി താരമൂല്യം


അനിമലിന്റെ വിജയത്തിൽ താരമൂല്യം ഇരട്ടിയാക്കി ബോബി ഡിയോൾ. തൊണ്ണുറുകളിലും രണ്ടായിരങ്ങളുടെ തുടക്കത്തിലുമുണ്ടായിരുന്ന അതേ താര പദവിയിലേയ്ക്ക് മടങ്ങിയെത്തിയിരിക്കുകയാണ് താരം. അനിമലിന് ശേഷം സൂര്യ നായകനാകുന്ന പാൻ-ഇന്ത്യൻ ചിത്രം ‘കങ്കുവ’, തെലുങ്ക് സൂപ്പർസ്റ്റാർ പവൻ കല്യാണിൻ്റെ ‘ഹരിഹര വീര മല്ലു’, നന്ദമുരി ബാലകൃഷ്ണ നായകനാകുന്ന ‘എൻബികെ 109’ എന്നിവയിൽ ബോബി ഡിയോളാണ് പ്രതിനായക വേഷത്തിൽ എത്തുന്നത്. അനിമലിന്റെ റിലീസിന് മുമ്പേ കങ്കുവയിലും ഹരിഹര വീര മല്ലുവിലും അഭിനയിക്കാൻ ബോബി ഡിയോൾ കരാറായിരുന്നു. എൻബികെ 109 പ്രഖ്യാപിച്ചത് അടുത്തിടെയാണ്.
പുറത്തുവരുന്ന റിപ്പോർട്ടുകൾ അനുസരിച്ച് താരം തന്റെ പ്രതിഫലം വർധിപ്പിച്ച് കഴിഞ്ഞു. അനിമലിനായി ബോബി ഡിയോൾ നാല് കോടി രൂപ കൈപ്പറ്റിയെന്നും പുതിയ ചിത്രങ്ങളിൽ ഇത് എട്ട് കോടിയാണെന്നുമാണ് വിവരം.സെയ്ഫ് അലി ഖാൻ, നവാസുദ്ദീൻ സിദ്ദിഖി, സഞ്ജയ് ദത്ത് എന്നിവരേക്കാൾ ഉയർന്ന പ്രതിഫലമാണ് ഇപ്പോൾ ബോബി ഡിയോളിന്റേത്. സെയ്ഫ് അലി ഖാനും നവാസുദ്ദീൻ സിദ്ദിഖിയ്ക്കും അഞ്ച് കോടി രൂപയാണ് പ്രതിഫലം.