ആന്ധ്രപ്രദേശിലെ വിജയവാഡയിൽ നടക്കുന്ന സതേൺ ഇന്ത്യ സയൻസ് ഫെയർ പങ്കെടുക്കാൻ അവസരം ലഭിച്ച് ഇടുക്കിയിൽ നിന്നൊരു മിടുക്കൻ


ആന്ധ്രപ്രദേശിലെ വിജയവാഡയിൽ നടക്കുന്ന സതേൺ ഇന്ത്യ സയൻസ് ഫെയർ പങ്കെടുക്കാൻ അവസരം ലഭിച്ച് ഇടുക്കിയിൽ നിന്നൊരു മിടുക്കൻ. കാൽവരി ഹൈസ്കൂളിലെ പത്താം ക്ലാസ് വിദ്യാർത്ഥി അലക്സ് ബിജുവിനാണ് അസുലഭ അവസരം ലഭിച്ചത്.
തെലുങ്കാന, ആന്ധ്രപ്രദേശ്, കർണാടക, കേരള, തമിഴ്നാട്, പോണ്ടിച്ചേരി തുടങ്ങിയ ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിൽ നിന്നുള്ള വിവിധ ശാസ്ത്ര പ്രതിഭകൾ മാറ്റുരയ്ക്കുന്ന സതേൺ ഇന്ത്യ സയൻസ് ഫെയറിന് ഈ വർഷം ആന്ധ്രപ്രദേശിലെ വിജയവാഡയാണ് ആതിഥേയത്വം വഹിച്ചത്. ജനുവരി 27 മുതൽ ഫെബ്രുവരി ഒന്നു വരെയാണ് ദക്ഷിണേന്ത്യൻ ശാസ്ത്രമേള നടത്തുന്നത് ‘ സംസ്ഥാന ശാസ്ത്രമേളകളിൽ സമ്മാനാർഹരായ കുട്ടികളാണ് ഇതിൽ പങ്കെടുക്കുന്നത്. ഇതിൽ ഇടുക്കിയിൽ നിന്നും പങ്കെടുക്കാൻ അവസരം ലഭിച്ചിരിക്കുന്നത് കാൽവരി ഹൈസ്കൂളിലെ പത്താം ക്ലാസ്സ് വിദ്യാർത്ഥിയായ അലക്സ് ബിജുവിനും അധ്യാപകൻ ആനന്ദ് ടോമിനും ആണ്.
സംസ്ഥാന ശാസ്ത്രമേളയിൽ ഇമ്പ്രവൈസ്ഡ് എക്സ്പിരിമെന്റ് വിഭാഗത്തിൽ അനുനാദം എന്ന പ്രതിഭാസത്തെ ആസ്പദമാക്കി ചെയ്ത നൃത്തം ചെയ്യുന്ന അഗ്നി ഒരുക്കി മൂന്നാം സ്ഥാനം കരസ്ഥമാക്കിയാണ് സതേൺ ഇന്ത്യ സയൻസ് ഫെയറിൽ പങ്കെടുക്കാൻ അലക്സ് അവസരം നേടിയത്. ഭൗതിക ശാസ്ത്രത്തിലെ അനുനാദം എന്ന പ്രതിഭാസത്തെ ആസ്പദമാക്കിയുള്ള പരീക്ഷണങ്ങളാണ് ദക്ഷിണേന്ത്യൻ ശാസ്ത്രമേളയിലും അലക്സ് തിരഞ്ഞെടുത്തത്.