മൂന്നാര്‍ പഞ്ചായത്ത് ഭരണം എല്‍ഡിഎഫിന് നഷ്ടമായി


രാഷ്‌ട്രീയ നാടകങ്ങള്‍ തുടര്‍ക്കഥയായ മൂന്നാര്‍ പഞ്ചായത്തില്‍ എല്‍ഡിഎഫിന് ഭരണനഷ്ടം. പ്രസിഡന്‍റിനെതിരേ കോണ്‍ഗ്രസ് കൊണ്ടുവന്ന അവിശ്വാസപ്രമേയം പാസായി. എല്‍ഡിഎഫിന്‍റെ ജ്യോതി സതീഷ്കുമാറായിരുന്നു ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ്. കോണ്‍ഗ്രസിന് ഭൂരിപക്ഷം ഉണ്ടെങ്കിലും മൂന്നാര്‍ പഞ്ചായത്ത് ഭരിച്ചിരുന്നത് എല്‍ഡിഎഫായിരുന്നു.
2020 ഡിസംബറില്‍ നടന്ന തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പില്‍ 21 അംഗ ഭരണസമിതിയില്‍ 11 അംഗങ്ങളുടെ പിന്തുണയോടെ കോണ്‍ഗ്രസാണ് മൂന്നാര്‍ ഗ്രാമപഞ്ചായത്തില്‍ അധികാരത്തിലെത്തിയത്. എന്നാല്‍, രണ്ട് അംഗങ്ങള്‍ കൂറുമാറി ഇടതുപാളയത്തിലെത്തിയതോടെ കോണ്‍ഗ്രസിന് ഭരണം നഷ്ടമായി. കൂറുമാറിയവര്‍ക്ക് എല്‍ഡിഎഫ് ഭരണത്തില്‍ പ്രസിഡന്‍റ്, വൈസ് പ്രസിഡന്‍റ് സ്ഥാനങ്ങള്‍ ലഭിച്ചു.
പിന്നീട് രണ്ട് എല്‍ഡിഎഫ് അംഗങ്ങള്‍ കൂറുമാറി കോണ്‍ഗ്രസിലെത്തി. ഇതിനെത്തുടര്‍ന്ന് ഭൂരിപക്ഷം ലഭിച്ച കോണ്‍ഗ്രസ് പ്രസിഡന്‍റിനെതിരേ അവിശ്വാസപ്രമേയം അവതരിപ്പിച്ചെങ്കിലും പരാജയപ്പെട്ടു. ഇതോടെ എല്‍ഡിഎഫ് ഭരണം തുടരുകയായിരുന്നു.
എന്നാല്‍, പിന്നീട് വൈസ് പ്രസിഡന്‍റിനെ കോണ്‍ഗ്രസ് അവിശ്വാസപ്രമേയത്തിലൂടെ പുറത്താക്കുകയും കോണ്‍ഗ്രസ് അംഗത്തെ വൈസ് പ്രസിഡന്‍റായി തെരഞ്ഞെടുക്കുകയും ചെയ്തു. കോണ്‍ഗ്രസിന്‍റെ പരാതിയെത്തുടര്‍ന്ന് മുമ്ബ് കൂറുമാറിയ രണ്ട് എല്‍ഡിഎഫ് അംഗങ്ങളെ തെരഞ്ഞെടുപ്പ് കമ്മീഷന്‍ അയോഗ്യരാക്കി.
പ്രസിഡന്‍റിനെതിരേ അവിശ്വാസം നല്‍കി ആറുമാസം പൂര്‍ത്തിയായ സാഹചര്യത്തിലാണ് കോണ്‍ഗ്രസ് വീണ്ടും അവിശ്വാസ പ്രമേയത്തിനായി നോട്ടീസ് നല്‍കിയത്. കോണ്‍ഗ്രസിലെ 11 അംഗങ്ങള്‍ അവിശ്വാസപ്രമേയത്തെ പിന്തുണച്ചു. എല്‍ഡിഎഫിലെ എട്ട് അംഗങ്ങള്‍ അവിശ്വാസ പ്രമേയത്തെ എതിര്‍ത്തു.അവിശ്വാസ പ്രമേയം പാസായതോടെ പതിനഞ്ച് ദിവസത്തിനുശേഷം പുതിയ പ്രസിഡന്‍റ് തെരഞ്ഞെടുപ്പ് നടക്കും.